തിരുവനന്തപുരം: ജനുവരി 5ന് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ് കേരളത്തിൽ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂരിലാണ്. 24 മണിക്കൂറില്‍ 34.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ അനുഭവവേദ്യമാകുന്ന ആകുന്ന ചൂട് 45 മുതല്‍ 50 ഡ്രിഗ്രിയോളം എത്തും.
കഠിനമായ ചൂടാണ് കേരളത്തില്‍ രണ്ടു ദിവസമായി അനുഭവപ്പെടുന്നത്. ജനുവരി ആദ്യ ആഴ്ച വലിയ ചൂട് പ്രതീക്ഷിക്കാവുന്ന സമയമല്ല. എന്നിട്ടും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരിലും തിരുവനന്തപുരത്തുമായിരുന്നു. തിരുവനന്തപുരത്തും പുനലൂരും 35.4 ഡിഗ്രി സെല്‍സ്യസ് ചൂട് രേഖപ്പെടുത്തി. സാധാരണ ഈ കാലയളവില്‍ അനുഭവപ്പെടുന്നതിനെക്കാള്‍ മൂന്നു മുതല്‍ 5 ഡിഗ്രിവരെയാണ് ചൂട് കൂടിയിട്ടുള്ളത്.
അതേസമയം കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് കേരളത്തിൽ ലഭിച്ചത് ഫെബ്രുവരി വരെ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ. ഇതുവരെ ലഭിച്ചത് 34.3 mm മഴയാണ്. ജനുവരിയിൽ ലഭിക്കേണ്ടത് 7.4 mm മഴയായിരുന്നു. രണ്ട് മാസം കൊണ്ട് ലഭിക്കേണ്ടത് 21.1 mm മഴയാണ്. 2021 നു ശേഷം ആദ്യമായാണ് ജനുവരിയിൽ ഇത്തരമൊരു മഴ ലഭിക്കുന്നത്.
ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ല ഒഴികെ എല്ലാ ജില്ലകളിലും ജനുവരിയിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിച്ചു. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ഈ സീസണിൽ (ജനുവരി – ഫെബ്രുവരി) ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു കഴിഞ്ഞു.