ദുബായില്‍ ഇനി വാട്‌സ്ആപ് വഴി ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യാം

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് ബഹുഭാഷാ സേവനം. ഉപയോക്താക്കള്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ക്ക് പുറമേ ഫീസ് അടയ്ക്കാനും ഇതിലൂടെ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

0
152

ദുബായ്: ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ദുബായില്‍ ഇനി മുതല്‍ വാട്സാപ് വഴി ടെസ്റ്റ് ബുക്ക് ചെയ്യാം. ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്‌മെന്റ് എടുക്കുന്നതിനും തീയതി പുതുക്കുന്നതിനും വാട്സാപ് വഴി സാധിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാട്സാപ് വഴി ഡ്രൈവിങ് ടെസ്റ്റ് ബുക്കിങും റീഷെഡ്യൂളിങും സാധ്യമാക്കിയതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു. ആര്‍ടിഎയുടെ മഹ്ബൂബ് ചാറ്റ്ബോട്ടില്‍ 0588009090 എന്ന നമ്പറില്‍ സേവനം ലഭ്യമാണ്.

ആര്‍ടിഎയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചോ ‘ആര്‍ടിഎ ദുബായ്’ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ ആണ് ഇതുവരെ അപ്പോയിന്റ്‌മെന്റ് എടുത്തിരുന്നത്. ഉപയോക്താവിന്റെ ഫോണ്‍ നമ്പറുകളും രജിസ്റ്റര്‍ ചെയ്ത വിവരങ്ങളും ആധികാരികമാണെന്നതിനാല്‍ മൊബൈല്‍ നമ്പര്‍ പ്രകാരമുള്ള വാട്സാപ് വഴിയും ഇനി മുതല്‍ ടെസ്റ്റ് ബുക്കിങ് സാധ്യമാണെന്ന് ആര്‍ടിഎയുടെ കോര്‍പറേറ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് സര്‍വീസസ് സെക്ടറിലെ സ്മാര്‍ട്ട് സര്‍വീസസ് വിഭാഗം ഡയറക്ടര്‍ മിറ അഹമ്മദ് അല്‍ ഷെയ്ഖ് പറഞ്ഞു.

വാട്‌സ്ആപിലൂടെ അറബിയിലും ഇംഗ്ലീഷിലും ബുക്കിങ്/റീ ഷെഡ്യൂളിങ് നടത്താം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് ബഹുഭാഷാ സേവനം. ഉപയോക്താക്കള്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ക്ക് പുറമേ ഫീസ് അടയ്ക്കാനും ഇതിലൂടെ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ സേവനങ്ങള്‍ ഏറ്റവും ലളിതമായും വേഗത്തിലും ലഭ്യമാക്കുകയാണ് ആര്‍ടിഎയുടെ ഡിജിറ്റല്‍ നയം ലക്ഷ്യമിടുന്നത്.

ദുബായ് ഡ്രൈവിങ് ലൈസന്‍സ് വീട്ടിലിരുന്നുതന്നെ 10 മിനിറ്റിനുള്ളില്‍ പുതുക്കാനുള്ള സൗകര്യം അടുത്തിടെ ആര്‍ടിഎ ആരംഭിച്ചിരുന്നു. കാഴ്ച പരിശോധന ഒഴികെയുള്ള മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഓഫിസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യം ഇതോടെ ഇല്ലാതായി.

ആര്‍ടിഎയില്‍ രജിസ്റ്റര്‍ ചെയ്ത ഒപ്റ്റിക്കല്‍ സ്റ്റോറിലെത്തി കാഴ്ച പരിശോധന നടത്തുമ്പോള്‍ സ്ഥാപനം ആര്‍ടിഎയുടെ വെബ്‌സൈറ്റില്‍ വിവരം നല്‍കും. ഇതോടെ ഉപയോക്താക്കള്‍ക്ക് തന്നെ ഓണ്‍ലൈനായി പണമടച്ച് ലൈസന്‍സ് പുതുക്കാം. ഒരു മിനിറ്റിനുള്ളില്‍ മൊബൈല്‍ ഫോണിലേക്ക് ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി ലഭിക്കും. എല്ലാ ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.