വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു ; ആക്രമിച്ചത് പ്രതി അർജുന്‍റെ ബന്ധു

അർജുന്റെ ബന്ധുവായ പാൽരാജും കുട്ടിയുടെ പിതാവും തമ്മിൽ ടൗണിൽ വച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്

0
153

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്. കേസിൽ പ്രത്യേക പോക്സോ കോടതി വെറുതെവിട്ട പ്രതി അർജുന്‍റെ ബന്ധു പാൽരാജ് ആണ് കുത്തിയത്. രണ്ടുപേരുടെയും പരുക്ക് ഗുരുതരമല്ല. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാർ ടൗണിൽ സത്രം ജംക്‌ഷനിലായിരുന്നു സംഭവം. അർജുന്റെ ബന്ധുവായ പാൽരാജും കുട്ടിയുടെ പിതാവും തമ്മിൽ ടൗണിൽ വച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ പുറത്തും വയറിലുമാണ് കുത്തേറ്റത്. കാലിൽ വെട്ടേറ്റതായും റിപ്പോർട്ടുണ്ട്. പ്രതി പാൽരാജിനെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തെളിവുകളും അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ 6 വയസുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊല ചെയ്തത്.