ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേന്ദ്രസർക്കാർ; ഭീകരവാദം, പുതിയ ക്രിമിനൽ നിയമങ്ങൾ അടക്കമുള്ളവ ചർച്ച ചെയ്യും

പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് വിഭാഗങ്ങളുടെ അന്തർ സംസ്ഥാന സേവനത്തിലെ ഏകോപനവും ചർച്ചയാകും.

0
333

രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേന്ദ്രസർക്കാർ. എല്ലാ സംസ്ഥാനങ്ങളുടെയും ഡിജിപി മാരും ഐജിമാരും യോഗത്തിൽ പങ്കെടുക്കും. മൂന്നു ദിവസത്തെ യോഗം നാളെ രാജസ്ഥാനിലെ ജയ്പൂരിൽ ആരംഭിക്കും. ഭീകരവാദം, പുതിയ ക്രിമിനൽ നിയമങ്ങൾ അടക്കമുള്ളവ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. മാവോയിസ്റ്റ് വിഷയവും യോഗത്തിൽ ചർച്ചയാവും. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് വിഭാഗങ്ങളുടെ അന്തർ സംസ്ഥാന സേവനത്തിലെ ഏകോപനവും ചർച്ചയാകും.

അതേസമയം, പാർലമെന്റ് പാസാക്കിയ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. മൂന്ന് ബില്ലുകളിലും രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവയായിരുന്നു മൂന്ന് ബില്ലുകൾ. 1860ലെ ഇന്ത്യൻ ശിക്ഷാനിയമം, 1898ലെ ക്രിമിനൽ നടപടിച്ചട്ടം, 1872ലെ ഇന്ത്യൻ തെളിവ് നിയമം ഇവയ്ക്ക് പകരമായിട്ടാണ് പുതിയ നിയമനിർമ്മാണം.

ഐപിസി, സിആർപിസി, തെളിവ് നിയമം എന്നിവയ്ക്ക് പകരമായിട്ടായിരുന്നു പുതിയ നിയമനിർമാണം. രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാനാണ് പുതിയ ബില്ലുകൾ കൊണ്ടുവന്നതെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ അവകാശവാദം. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമങ്ങൾ രാജ്യത്തിന് പുതിയ സുരക്ഷാ സങ്കല്പവും, സമയബന്ധിത നീതി നിർവഹണവും ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.