“നിങ്ങൾക്കോർമയുണ്ടോ ഈ പേരുകൾ? ഈ കുറ്റവാളികളെ തുറന്നുകാട്ടാൻ മാധ്യമങ്ങൾ വിസമ്മതിക്കുന്നു”, കെ എസ് യു എ ബി വി പി പ്രവർത്തകരുടെ കേസുകൾ നിരത്തി എം സ്വരാജ്

എനിക്കുറപ്പുണ്ട്, ദുരിതാശ്വാസക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി വന്ന ഓട്ടോറിക്ഷക്ക് കൂലി കൊടുക്കാൻ കയ്യിൽ കാശില്ലാത്തതിനാൽ 2 രൂപ പിരിവെടുത്ത ആലപ്പുഴയിലെ പാർട്ടി സഖാവിന്റെ പേര് നിങ്ങൾ മറന്നിട്ടില്ല. താൽക്കാലിക ജോലികിട്ടാനായി തൊഴിൽ പരിചയരേഖ കൃത്രിമമായി ചമച്ചെന്ന ആരോപണം നേരിട്ട മുൻ SFI പ്രവർത്തകയുടെ പേര് മരിക്കുംവരെ നിങ്ങൾ മറക്കില്ല. ഇങ്ങനെയൊക്കെയാണ് നമ്മുടെ മാധ്യമങ്ങൾ രാഷ്ട്രീയ ഉത്തരവാദിത്വം നിർവഹിക്കുന്നത്.

0
831

തിരുവനന്തപുരം: മാധ്യമങ്ങൾ ഇടതുപക്ഷത്തെ എപ്പോഴും പ്രതിസ്ഥാനത്ത് നിർത്തുകയും വലതുപക്ഷ പ്രസ്ഥാനങ്ങളുടെ തെറ്റുകളെ മറച്ചുവെയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെ വിമർശിച്ച് എം സ്വരാജ് രംഗത്ത്. പ്രൈം ടൈം ന്യൂസായും ചാനൽ ചർച്ചകളായും നിറഞ്ഞു നിൽക്കേണ്ട ഇത്തരം വാർത്തകൾ കണ്ടില്ലെന്നു നടിക്കുന്ന മാധ്യമ രാഷ്ട്രീയ അജണ്ടകളെയാണ് സ്വരാജ് ചോദ്യം ചെയ്യുന്നത്. ചോദ്യങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞാണ് സ്വരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിൻ്റെ പൂർണരൂപം:
നിങ്ങൾക്കോർമയുണ്ടോ?
* ഒരു യുവതിയെ തല്ലിക്കൊന്ന് സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിനും സർക്കാരിനും എതിരെ സമരത്തിന് നേതൃത്വം നൽകിയ മലപ്പുറത്തെ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ?
* സ്വന്തം വീട്ടിൽ നിന്നും 2.5 കിലോ കഞ്ചാവുമായി പിടിയിലായ പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ?
* കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ദിവസം കഞ്ചാവുമായി പോലീസ് പിടിയിലായ സ്ഥാനാർത്ഥി കൂടിയായ തിരുവനന്തപുരത്തെ കെ എസ് യു നേതാവിന്റെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ?

* നാൽപ്പത് കിലോ കഞ്ചാവുമായി പിടിയിലായ യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം സെക്രട്ടറിയുടെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ ?
* എൽ എൽ ബി പാസാവാതെ വക്കീൽ ചമഞ്ഞ് കോടതിയിൽ പ്രാക്ടീസ് തുടങ്ങുകയും പിടിയിലാവുകയും ചെയ്ത കോൺഗ്രസ് അഭിഭാഷക സംഘടനയുടെ ആലപ്പുഴയിലെ നേതാവിന്റെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ ?
* വ്യാജസർട്ടിഫിക്കറ്റ് വിതരണ മാഫിയാ സംഘത്തിന് നേതൃത്വം നൽകിയതിന് പിടിക്കപ്പെട്ട കൊല്ലത്തെ കെ എസ് യു ജില്ലാ നേതാക്കൻമാരിൽ ആരുടെയെങ്കിലും പേരുകൾ നിങ്ങൾക്ക് ഓർമയുണ്ടോ ?

* ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയതിന് പിടിയിലായ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായ പത്തനംതിട്ട സ്വദേശിയുടെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ?
* ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും നഷ്ടപരിഹാരത്തുക തട്ടിയെടുത്ത ദമ്പതിമാരായ കോൺഗ്രസ് നേതാക്കളുടെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ ?
* റെയിൽവേയുടെ വസ്തുവകകൾ മോഷ്ടിച്ച് വിൽക്കുന്നതിനിടയിൽ പിടിക്കപ്പെട്ട് ജയിലിലായ യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറിയുടെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ?

* ആറാമത്തെ കാർ മോഷ്ടിക്കുന്നതിനിടയിൽ മാളയിൽ വെച്ച് പിടിയിലായ കെ എസ് യു ജില്ലാ സെക്രട്ടറിയും, ധീരജ് വധക്കേസിലെ പ്രതിയുമായ നേതാവിന്റെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ ?
* വ്യാപാരിയെ അക്രമിച്ച് പണം തട്ടിയെടുക്കുകയും പിടിയ്ക്കപ്പെട്ടതിനെ തുടർന്ന് ജയിലിലടയ്ക്കപ്പെടുകയും, ഇപ്പോഴും കോർപ്പറേഷൻ കൗൺസിലറായി തുടരുകയും ചെയ്യുന്ന എറണാകുളത്തെ കോൺഗ്രസ് നേതാവിന്റെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ ?
* സർക്കാർ ഉത്തരവും, ഭൂനികുതിയുടെ രശീതിയും പ്രസ്സിൽ നിന്നും വ്യാജമായി അച്ചടിച്ച് തട്ടിപ്പു നടത്തിയതിന് പിടിയിലായ യൂത്ത് കോൺഗ്രസ് തൃക്കാക്കര മണ്ഡലം സെക്രട്ടറിയുടെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ?

* വഴി ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത് കടന്നതിന് പോലീസ് പിടികൂടി ജയിലിലടച്ച യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റിന്റെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ ?
* അമ്മയെയും മകളെയും പീഡിപ്പിച്ചതിന് ജയിലിൽ അടയ്ക്കപ്പെട്ട യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായ നേതാവിന്റെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ?

* കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗമായിരുന്ന നേതാവിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിന് പിടിയിലായ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന നേതാവിന്റെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ ?
* കള്ളനോട്ടടി കുടിൽ വ്യവസായമാക്കി മാറ്റുകയും തുടർച്ചയായി പിടിക്കപ്പെടുകയും ചെയ്യുന്ന ബി ജെ പി പ്രവർത്തകരായ തൃശൂരിലെ സഹോദരങ്ങളുടെ പേരുകൾ നിങ്ങൾക്ക് ഓർമയുണ്ടോ?

മേൽപ്പറഞ്ഞവരിൽ ഒരാളുടെയെങ്കിലും പേര് നിങ്ങൾക്ക് ഓർത്തെടുക്കാനാവുന്നുണ്ടോ? അടുത്ത കാലത്തുണ്ടായ ഇത്തരം സംഭവങ്ങളിലെ പ്രതികൾ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും സമൂഹത്തിൽ അറിയപ്പെടുന്നവരുമായിട്ടും അവർ പ്രതികളായ കുറ്റകൃത്യങ്ങളുമായി ചേർത്ത് അവരുടെയൊന്നും പേരുകൾ ഓർമയിൽ കടന്നുവരാത്തത് എന്തുകൊണ്ടാണ്?

പേടിക്കണ്ട, നിങ്ങളുടെ ഓർമശക്തിക്കു തകരാറൊന്നും പറ്റിയിട്ടില്ല. ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളെ നിങ്ങളുടെ മനസിൽ പതിയും വിധം വാർത്തകളിലൂടെ മാധ്യമങ്ങൾ തുറന്നു കാട്ടിയിട്ടില്ല. രാത്രി ചർച്ചകളിൽ ചാനൽ അവതാരകർ ധാർമികരോഷം കൊണ്ട് ആവർത്തിച്ച് അലറി വിളിച്ചിട്ടുമില്ല. ദിവസം മുഴുവൻ ബ്രേക്കിങ്ങ് ന്യൂസായി ഇതൊന്നും നിങ്ങളെ പിന്തുടർന്നിട്ടില്ല. മുഖപ്രസംഗങ്ങളും ലേഖന പരമ്പരകളും കാർട്ടൂണുകളുമായി നിങ്ങളുടെ മനസിലേക്ക് ഇതൊന്നും ഇടിച്ചു കയറിയിട്ടില്ല.

സാമൂഹ്യദ്രോഹികളായ ഈ കുറ്റവാളികളെ പ്രമുഖ മാധ്യമങ്ങളൊന്നു ചേർന്ന് ചിറകിനടിയിൽ സംരക്ഷിച്ചു. ഏതേതോ എഡിഷനുകളിലെ ഉൾപ്പേജിലൊരു മൂലയിൽ റിപ്പോർട്ട് ചെയ്തെന്നു വരുത്തി കളം വിട്ട മാധ്യമങ്ങളാണ് കുറ്റവാളികൾ. പക്ഷേ എനിക്കുറപ്പുണ്ട്, ദുരിതാശ്വാസക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി വന്ന ഓട്ടോറിക്ഷക്ക് കൂലി കൊടുക്കാൻ കയ്യിൽ കാശില്ലാത്തതിനാൽ 2 രൂപ പിരിവെടുത്ത ആലപ്പുഴയിലെ പാർട്ടി സഖാവിന്റെ പേര് നിങ്ങൾ മറന്നിട്ടില്ല. താൽക്കാലിക ജോലികിട്ടാനായി തൊഴിൽ പരിചയരേഖ കൃത്രിമമായി ചമച്ചെന്ന ആരോപണം നേരിട്ട മുൻ SFI പ്രവർത്തകയുടെ പേര് മരിക്കുംവരെ നിങ്ങൾ മറക്കില്ല. ഇങ്ങനെയൊക്കെയാണ് നമ്മുടെ മാധ്യമങ്ങൾ രാഷ്ട്രീയ ഉത്തരവാദിത്വം നിർവഹിക്കുന്നത്.
– എം സ്വരാജ് .