പുതുവത്സര ദിനത്തിൽ ചരിത്രം കുറിച്ച് ഐഎസ്ആർഒ ; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്‌സ്‌പോസാറ്റിനെ PSLV C-58 എത്തിക്കുക.

0
117

ശ്രീഹരിക്കോട്ട: പുതുവത്സര ദിനത്തിൽ ചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു. രാവിലെ 9.10-ന് സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു എക്‌സ്‌പോസാറ്റ് അഥവാ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം. പി.എസ്.എല്‍.വിയുടെ അറുപതാമത് വിക്ഷേപണമായ PSLV C-58 ആണ് ഉപ​ഗ്രഹവുമായി കുതിച്ചുയർന്നത്.

തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോസാറ്റ് ദൗത്യം. പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോ‍ഡുകളാണ് ഇതിലുള്ളത്. ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളുടെ ധ്രുവീകരണത്തെ കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എക്‌സ്‌പോസാറ്റ്. ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്‌സ്‌പോസാറ്റിനെ PSLV C-58 എത്തിക്കുക.

പത്തു ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിലെ വിദ്യാർഥിനികൾ നിർമിച്ച ‘വി-സാറ്റ്’ ഉൾപ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ഒപ്പം വിക്ഷേപിച്ചത്. അഞ്ചു വർഷം നീളുന്നതാണ് എക്‌സ്‌പോസാറ്റ് ദൗത്യം.1993 സെപ്റ്റംബറിലായിരുന്നു പി.എസ്.എല്‍.വിയുടെ ആദ്യവിക്ഷേപണം. 59 വിക്ഷേപണങ്ങളില്‍ പി.എസ്.എല്‍.വി. 345 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.