മണിപ്പൂരില്‍ വീണ്ടും സംഘർഷം ; സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മില്‍ വെടിവയ്പ്പ്, ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

പെട്രോളിംഗ് നടത്തിയ പോലീസ് വാഹനവ്യൂഹത്തിനു നേരെ ആക്രമികൾ വെടിയുതിർത്തു. തുടർന്ന് സുരക്ഷാസേന അക്രമികൾക്ക് നേരെ തിരിച്ചടിച്ചു.

0
164

മണിപ്പൂരില്‍ വീണ്ടും സംഘർഷം. മോറെയിൽ അക്രമികളും സുരക്ഷാസേനയും തമ്മിൽ വെടിവയ്പ്പ്. സംഘർഷത്തിനിടെ രണ്ട് വീടുകള്‍ക്ക് തീയിട്ടു. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. മേഖലയില്‍ കനത്ത ജാഗ്രത തുടരുകയാണ്.

മെയ് 3ന് തുടങ്ങിയ സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് 3:30ഓടെയാണ് മണിപ്പൂരിലെ മോറെയിൽ സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പെട്രോളിംഗ് നടത്തിയ പോലീസ് വാഹനവ്യൂഹത്തിനു നേരെ ആക്രമികൾ വെടിയുതിർത്തു. തുടർന്ന് സുരക്ഷാസേന അക്രമികൾക്ക് നേരെ തിരിച്ചടിച്ചു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ അസം റൈഫിള്‍സ് ക്യാംപിലേക്കാണ് മാറ്റിയത്.

സംസ്ഥാനത്തെ സമാധാനം തകർക്കാൻ ചില ദുഷ്ടശക്തികൾ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് നിർഭാഗ്യകരമായ സംഭവമാണ്. അപലപിക്കുന്നു. കുറ്റവാളികളെ പിടികൂടാനുള്ള അന്വേഷണം നടക്കുന്നു. കുറ്റക്കാരെ ആരെയും വെറുതെവിടില്ലെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു.