ഇലക്ട്രിക്ക് വയർ ഉപയോ​ഗിച്ച് മീൻ പിടിക്കാൻ ശ്രമം ; ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ​ദാരുണാന്ത്യം, 2 പേർ പിടിയിൽ

മീൻ പിടിക്കുന്നതിനായി വെള്ളത്തിലേക്കിട്ട വയറിൽ ഘടിപ്പിച്ച മൊട്ടുസൂചിയിൽ നിന്നാണ് അഭിജിത്തിന് ഷോക്കെറ്റത്.

0
229

മാനന്തവാടി: വൈദ്യുതി ഉപയോ​ഗിച്ച് മീൻ പിടിക്കാൻ ശ്രമം . ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. കുഴിനിലം ചെക്ക്ഡാമിനു സമീപം ഇന്നലെ വൈകിട്ടോടെയാണ് അപകടം നടന്നത്. കണിയാരം ഫാ. ജി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കുഴിനിലം അടുവാന്‍കുന്ന് കോളനിയിലെ അഭിജിത്ത് (14) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിനിലം വിമലനഗര്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ പി.വി. ബാബു (38), കുഴിനിലം കോട്ടായില്‍ വീട്ടില്‍ കെ.ജെ. ജോബി (39) എന്നിവരെയാണ് മാനന്തവാടി സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മീൻ പിടിക്കുന്നതിനായി വെള്ളത്തിലേക്കിട്ട വയറിൽ ഘടിപ്പിച്ച് മൊട്ടുസൂചിയിൽ നിന്നാണ് അബിജിത്തിന് ഷോക്കെറ്റത്. തുടര്‍ന്ന് പോലീസ്നടത്തിയ വിശദമായ അന്വേഷണണത്തിൽ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍നിന്ന് ഇലക്ട്രിക്ക് വയര്‍, കമ്പി, മുള കൊണ്ടുള്ള തോട്ടി വടിക്കഷണം എന്നിവ കണ്ടെടുത്തിരുന്നു.

അന്വേഷണത്തില്‍ ജോബിയും ബാബുവും കുറ്റക്കാരാണെന്ന് തെളിഞ്ഞതോടെ മാനന്തവാടി പൊലീസ് നരഹത്യക്ക് കേസെടുത്തു. ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി. സുമേഷിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് ടീമും കെ.എസ്.ഇ.ബി. തവിഞ്ഞാല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ ശിവദാസിന്റെ നേതൃത്വത്തിലുള്ള സംഘവും ബുധനാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മാനന്തവാടി എസ്.ഐമാരായ കെ.കെ. സോബിന്‍, ടി.കെ. മിനിമോള്‍, എ.എസ്.ഐ. കെ.വി. സജി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി. വിപിന്‍, റോബിന്‍ ജോര്‍ജ്, കെ.ഡി. രാംസണ്‍, പി.വി. അനൂപ് എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.