മകളെ മദ്യം കുടിപ്പിച്ച് പുഴയിലെറിഞ്ഞു കൊന്ന കേസ്; അച്ഛൻ സനുമോഹൻ കുറ്റക്കാരൻ

ഒരു വർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി. 2021 മാർച്ച് 21-നാണ് പത്തുവയസുപ്രായമുളള പെൺകുട്ടിയെ മദ്യം നൽകി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്.

0
229

കൊച്ചി: പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. ശിക്ഷാ വിധിയിൽ വാദം പുരോഗമിക്കുകയാണ്. അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശിക്ഷ ഉച്ചക്ക് 2.30ന് പ്രഖ്യാപിക്കും.

ഒരു വർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി. 2021 മാർച്ച് 21-നാണ് പത്തുവയസുപ്രായമുളള പെൺകുട്ടിയെ മദ്യം നൽകി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്. കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന അച്ഛനെയും മകളെയും കാണാതായെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കൊലപാതകം.

കായംകുളത്തെ വീട്ടിൽ നിന്ന് അമ്മയോട് യാത്ര പറഞ്ഞ് പുറപ്പെട്ടതിനുശേഷം ഇരുവരെയും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് പെൺകുട്ടിയടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. ഒരു മാസത്തെ തെരച്ചിലിനൊടുവിൽ കർണാടകയിലെ കാർവാറിൽ നിന്നാണ് സനുമോഹൻ പിടിയിലാവുന്നത്. മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛൻറെ ലക്ഷ്യം.

കരീലകുളങ്ങരയിലേക്കെന്നു പറഞ്ഞ് വൈകയുമായി യാത്രതിരിച്ച സനുമോഹൻ വഴിയിൽവച്ച് കോളയിൽ മദ്യം കലർത്തി 10 വയസുകാരിയെ കുടിപ്പിച്ചു. തുടർന്ന് ഫ്ലാറ്റിലെത്തി മുണ്ട് കൊണ്ട് കുഞ്ഞിൻറെ കഴുത്ത് മുറുക്കി ശരീരത്തോട് ചേർത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് പ്രതി മുട്ടാർ പുഴയിൽ എറിയുകയായിരുന്നു. വൈഗയുടെ മൂക്കിൽ നിന്ന് പുറത്തുവന്ന രക്തം ബെഡ്ഷീറ്റ് ഉപയോഗിച്ച് തുടച്ച് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു.

കൊലപാതകത്തിന് ശേഷം സംസ്ഥാനം വിട്ട സനുമോഹൻ കോയമ്പത്തൂരിലേക്കാണ് ഒളിവിൽ പോയത്. കുഞ്ഞിൻറെ ശരീരത്തിൽ ധരിച്ചിരുന്ന ആഭരണം കൈക്കലാക്കുകയും ചെയ്തിരുന്നു. അത് വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വർ, മൂകാമ്പിക തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ നടന്ന സനുമോഹനെ ഒരു മാസത്തോളമെടുത്താണ് പൊലീസ് പിടികൂടിയത്. കൊലപാതകവും തെളിവ് നശിപ്പിക്കലുമടക്കമുള്ള വകുപ്പുകളും ജുവനൈൽ നിയമവുമാണ് സനു മോഹനെതിരെ ചുമത്തിയിരിക്കുന്നത്.