28 വർഷം തടവ്, ശേഷം ജീവപര്യന്തം; വൈഗ കൊലക്കേസിൽ സനു മോഹൻ്റെ ശിക്ഷ ഇങ്ങനെ

70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല.

0
178

കൊച്ചി: പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് അഞ്ച് വകുപ്പുകളിൽ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി.

70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല. 11 മണി മുതൽ ശിക്ഷാ വിധിയിൽ വാദം കേട്ടശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്. അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

ഒരു വർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി. 2021 മാർച്ച് 21-നാണ് പത്തുവയസുപ്രായമുളള പെൺകുട്ടിയെ മദ്യം നൽകി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്. കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന അച്ഛനെയും മകളെയും കാണാതായെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കൊലപാതകം.

കൊലപാതകത്തിന് ശേഷം സംസ്ഥാനം വിട്ട സനുമോഹൻ കോയമ്പത്തൂരിലേക്കാണ് ഒളിവിൽ പോയത്. കുഞ്ഞിൻറെ ശരീരത്തിൽ ധരിച്ചിരുന്ന ആഭരണം കൈക്കലാക്കുകയും ചെയ്തിരുന്നു. അത് വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വർ, മൂകാമ്പിക തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ നടന്ന സനുമോഹനെ ഒരു മാസത്തോളമെടുത്താണ് പൊലീസ് പിടികൂടിയത്. കൊലപാതകവും തെളിവ് നശിപ്പിക്കലുമടക്കമുള്ള വകുപ്പുകളും ജുവനൈൽ നിയമവുമാണ് സനു മോഹനെതിരെ ചുമത്തിയിരിക്കുന്നത്.