കൈക്കൂലി കേസ്: ഇഡിയ്ക്കെതിരെ കേസെടുത്ത് മധുരെ പോലീസ്

ഡിസംബർ ഒന്നിന് സർക്കാർ ജീവനക്കാരനോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും കൈക്കൂലി വാങ്ങുകയും ചെയ്തതിന് അങ്കിത് തിവാരിയെ ഡി വി എ സി അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന വിജിലൻസും അഴിമതി വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

0
209

ചെന്നൈ: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടയാൻ ശ്രമിച്ചെന്ന പരാതിയിലാണ് മധുര സിറ്റി പോലീസിന്റെ നടപടി. ഇഡി മധുര അസിസ്റ്റന്റ് ഡയറക്ടർക്ക് പൊലീസ് സമൻസ് അയച്ചു. ഈ മാസം ഒന്നിന് കൈക്കൂലി കേസിൽ അറസ്റ്റിലായ അങ്കിത് തിവാരിയുടെ ചെമ്പറിൽ പരിശോധന നടത്തുന്നതിൽ നിന്ന് വിജിലൻസ് സംഘത്തെ ഇഡി ഉദ്യോഗസ്ഥർ തടഞ്ഞെന്നാണ് പരാതി.

തമിഴ്നാട്ടിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ ഇ ഡി ഉദ്യോഗസ്ഥൻ അങ്കിത് തിവാരിയുടെ കേസുമായി ബന്ധപ്പെട്ടാണ് സംഭവം. അങ്കിതിൻ്റെ ഓഫീസിൽ പരിശോധനയ്ക്കെത്തിയ ഡയറക്‌ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഉദ്യോഗസ്ഥരെ കൃത്യ നിർവഹണത്തിൽ നിന്ന് ഇ ഡി തടഞ്ഞെന്നാണ് ആരോപണം. ഇതോടെയാണ് ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ മധുരൈ പോലീസ് കേസെടുത്തത്.

ഡിസംബർ ഒന്നിന് സർക്കാർ ജീവനക്കാരനോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും കൈക്കൂലി വാങ്ങുകയും ചെയ്തതിന് തിവാരിയെ ഡി വി എ സി അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന വിജിലൻസും അഴിമതി വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. അങ്കിത് തിവാരി എന്ന ഇഡി ഉദ്യോ​ഗസ്ഥനാണ് പിടിയിലായത്. ഇയാളെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അങ്കിത് തിവാരിയുടെ അറസ്റ്റിനെ തുടർന്ന് ഇഡിയുടെ മധുരയിലെ ഓഫീസിൽ ദിണ്ടിഗൽ ജില്ലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി) പരിശോധന നടത്തി.

അങ്കിത് തിവാരി നിരവധി പേരെ ബ്ലാക്ക് മെയിൽ ചെയ്യുകയും അവരിൽ നിന്ന് കോടികൾ കൈക്കൂലി വാങ്ങുകയും ചെയ്തിരുന്നതായും ഉദ്യോ​ഗസ്ഥർ അറിയിച്ചു. മറ്റ് ഇഡി ഉദ്യോഗസ്ഥർക്കും അദ്ദേഹം കൈക്കൂലി വിതരണം ചെയ്തതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇയാളിൽ നിന്ന് ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.