‘എൻ്റെ നന്ദന മോൾ തന്നെയാണ് ഇപ്പോഴും മനസ് നിറയെ ‘ ; മകളെക്കുറിച്ചുള്ള നീറുന്ന ഓർമ്മകളുമായി കെഎസ് ചിത്ര

ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാനൊക്കെ ഞങ്ങൾ ശ്രമിച്ചിരുന്നതാണ്. ഒരു കുഞ്ഞിനെ ദത്തെടുത്താൽ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്കാണ്.

0
289

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. ചിത്രചേച്ചിയെന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന കെഎസ് ചിത്രയോളം മലയാളികളെ സ്വാധീനിച്ച മറ്റൊരു ഗായികയുണ്ടാകില്ല. ഇന്ത്യൻ സംഗീത ലോകത്ത് മലയാളത്തിന്റെ അഭിമാനമായി മാറിയ വാനമ്പാടി. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങി മറ്റ് ഭാഷകളിലെല്ലാം സ്വന്തമായ ഇടം നേടിയ ഗായികയാണ് ചിത്ര. വിവിധ ഭാഷകളിലായി 25,000 ​ലധികം ഗാനങ്ങൾ ചിത്ര ആലപിച്ചു. കരിയറിൽ ഒരുപാട് പ്രശസ്തിയിൽ എത്തിയെങ്കിലും സ്വകാര്യ ജീവിതത്തിൽ ഒരു തീരാ ദുഖം ചിത്രയ്ക്കുണ്ട്. ഏക മകൾ നന്ദനയുടെ അകാല വിയോഗം ചിത്രയെ വലിയ രീതിയിൽ ബാധിച്ചിരുന്നു.

2011ലെ ഒരു വിഷുനാളിൽ ദുബായിയിലെ വില്ലയിൽ നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരിക്കുന്നത്. ഒമ്പത് വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. സ്പെഷ്യൽ ചൈൽഡ് ആയിരുന്നു നന്ദന. മകൾ വിട്ട് പിരിഞ്ഞ് വർഷങ്ങൾ ഇത്രയും പിന്നിട്ടിട്ടും ആ വേദനയിൽ നിന്ന് ചിത്രയ്ക്ക് ഇപ്പോഴും കരകയറാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ മകളുടെ ഓർമ്മകളിൽ ഒരിക്കൽ ചിത്ര പങ്കിട്ട വാക്കുകൾ ശ്രദ്ധ നേടുകയാണ് .

മകളെ നഷ്ടപ്പെട്ട ചിത്രയ്ക്ക് ഒരു കുഞ്ഞിനെ ദത്തെടുത്തുകൂടെ എന്നുള്ള ചോദ്യങ്ങൾ പലപ്പോഴും ആരാധകരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു മാധ്യമപ്രവർത്തകനും ഇതേ ചോദ്യം ചോദിക്കുകയുണ്ടായി. അന്ന് ചിത്ര നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. എൻ്റെ നന്ദന മോൾ തന്നെയാണ് ഇപ്പോഴും മനസ് നിറയെ. അവൾ വളരെ പൊസസീവ് ആയിരുന്നു. മറ്റേതൊരു കുഞ്ഞിനെ എടുക്കുമ്പോഴും അവളുടെ മുഖം വല്ലാതാകുമായിരുന്നു. അനിയൻ്റെ കുഞ്ഞിനെ എടുത്താൽ പോലും അവൾക്ക് അത് ബുദ്ധിമുട്ടായിരുന്നു.

ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാനൊക്കെ ഞങ്ങൾ ശ്രമിച്ചിരുന്നതാണ്. ഒരു കുഞ്ഞിനെ ദത്തെടുത്താൽ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്കാണ്. പഠിപ്പിക്കണം, കല്യാണം നടത്തണം. അതുവരെ ഞാൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നന്ദന മോളെ മാത്രം മനസിൽ വെച്ച് ജീവിക്കുന്നത്.” എന്നായിരുന്നു ചിത്ര പറഞ്ഞത്