ഇന്ത്യയില്‍ സജീവ കൊവിഡ് കേസുകള്‍ 4000 കടന്നു

മഹാരാഷ്ട്രയിലെ താനെയില്‍ നവംബർ 30 മുതൽ പരിശോധിച്ച 20 സാമ്പിളുകളിൽ അഞ്ച് കേസുകളും ജെ എൻ 1 ആണെന്ന് കണ്ടെത്തി.

0
176

ന്യൂഡൽഹി: ഇന്ത്യയിൽ സജീവ കൊവിഡ് കേസുകൾ 4000 കടന്നു, കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ഉപവകഭേദമായ ജെ എൻ1 കേസുകളും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,054 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഞായറാഴ്ച 3,742 ആയിരുന്നു ഇത്. പ്രതിദിന കേസുകള്‍ കുടുതല്‍ കേരളത്തിലാണ്. 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 3128 ആയി. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 315 പേർ രോഗമുക്തി നേടി. രാജ്യത്താകെ കൊവിഡ് ഭേദമായവരുടെ എണ്ണം 4.44 കോടിയായി. കൊവിഡ് മരണങ്ങളാകട്ടെ 5,33,334 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതിനിടെ മഹാരാഷ്ട്രയിലെ താനെയില്‍ നവംബർ 30 മുതൽ പരിശോധിച്ച 20 സാമ്പിളുകളിൽ അഞ്ച് കേസുകളും ജെ എൻ 1 ആണെന്ന് കണ്ടെത്തി.

സംസ്ഥാനത്ത് പുതുതായി നാല് പേർക്കുകൂടി ജെ എൻ 1 സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണ് ജെ എൻ 1. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

കോവിഡ് ബാധിച്ച് രോ​ഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെ എൻ 1-ന്റെ രോ​ഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുക.