82,000 രൂപ പിഴയടച്ചു; റോബിന്‍ ബസ് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്‌

ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് കാണിച്ച് നവംബര്‍ 24-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് പിടിച്ചെടുത്തത്.

0
119

പത്തനംതിട്ട: അനധികൃത സര്‍വീസ് നടത്തിയതിന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ്, ഉടമയ്ക്ക് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. ഉടമ 82,000 രൂപയുടെ പിഴ അടച്ചതിനാല്‍ ഇനിയും ബസ് പിടിച്ചുവെയ്ക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ബസ് കൈമാറുംമുമ്പ് ഇതിലുള്ള സാധനങ്ങളുടെ ലിസ്റ്റ് പത്തനംതിട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരി അഞ്ചിന് ബസ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് കാണിച്ച് നവംബര്‍ 24-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് പിടിച്ചെടുത്തത്. തുടരെയുള്ള നിയമലംഘനങ്ങളുണ്ടായാല്‍ വാഹനം പിടിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം വി ഡി ഉദ്യോഗസ്ഥര്‍ ബ്‌സ് പിടിച്ചെടുത്തത്. പിന്നീട് ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.

മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം നടത്തുന്നുണ്ടെന്നായിരുന്നു വിശദീകരണം.

ബസ് പിടിച്ചെടുക്കാന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടെന്നും ഇതിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ നടത്തിയതെന്നുമായിരുന്നു റോബിന്‍ ബസ് ഉടമയുടെ വാദം. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് എം വി ഡി കടന്നിരുന്നെങ്കിലും ഈ നീക്കം ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു.

അതേസമയം, ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഓടിക്കാനാവില്ലെന്ന് ഹൈക്കോടതി മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. കൊല്ലം സ്വദേശികളായ ബസുടമകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. കൊല്ലത്തുനിന്നും കോട്ടയത്തുനിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ ബസ്സുടമകളാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴയീടാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന് പിഴയീടാക്കാമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്.