മന്ത്രിസഭ പുനഃസംഘടന; മന്ത്രിസ്ഥാനം രാജിവെച്ച് അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29 ന്

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയതായി മന്ത്രിസഭയിലേക്കെത്തുന്നത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29 ന് നടക്കും.

0
162

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവച്ചു. ഇരുവരും രാജിക്കത്തു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയതായി മന്ത്രിസഭയിലേക്കെത്തുന്നത്. ആൻറണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവർ കോവിൽ ഒഴിയുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിച്ചേക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29 ന് നടക്കും.

നവകേരള സദസ് അവസാനിച്ച പശ്ചാത്തലത്തിലാണ് പുനഃസംഘടനയിലേക്ക് ഇടത് മുന്നണി കടക്കുന്നത്. മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എൽ.എമാരിൽ രണ്ട് പേർക്ക് രണ്ടര വർഷവും,മറ്റ് രണ്ട് പേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരമാണ് ഇരുവരും ഇപ്പോൾ രാജിവച്ചത്. മുൻ ധാരണ പ്രകാരമാണെങ്കിൽ നവംബർ അവസാനം പുനസംഘടന നടക്കേണ്ടതായിരുന്നു. എന്നാൽ മന്ത്രിസഭയുടെ കേരള പര്യടനം നടക്കുന്നത് കൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.

അതേസമയം, പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർ പ്രതികരിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്നും കെഎസ്ആർടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചതായും ആന്റണി രാജു പറഞ്ഞു. രണ്ടര വർഷം കൊണ്ട് ചെയ്യാവുന്നത് ഒക്കെ ചെയ്തെന്നും പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു