രാജ്യദ്രോഹം തടവ്, മൂന്നിൽ നിന്ന് ഏഴാകുന്നു; ആള്‍ക്കൂട്ട കൊലയ്ക്ക് വധശിക്ഷ’; പുതിയ ക്രിമിനല്‍ നിയമ ബില്ലുകള്‍ ലോക്‌സഭ പാസാക്കി

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത എന്നിവയാണ് ലോക്‌സഭ പാസാക്കിയത്. മൂന്ന് ബില്ലുകളും പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിച്ചത് വര്‍ഷകാല സമ്മേളനത്തിലാണ്.

0
198

ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റം വരുന്നു. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച ബിൽ ലോക് സഭ പാസാക്കി. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത എന്നിവയാണ് ലോക്‌സഭ പാസാക്കിയത്. മൂന്ന് ബില്ലുകളും പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിച്ചത് വര്‍ഷകാല സമ്മേളനത്തിലാണ്. ശീതകാല സമ്മേളനത്തില്‍ ബില്ലുകളുടെ ഭേദഗതി ചെയ്ത പതിപ്പുകളാണ് അമിത് ഷാ അവതരിപ്പിച്ചത്.

സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ പുതിയ ഇന്ത്യയുടെ ക്രമസമാധാന സംവിധാനം അത്യാധുനികമാകുമെന്ന് ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകം വെറുപ്പുളവാക്കുന്ന കുറ്റകൃത്യമാണ്. പുതിയ നിയമത്തില്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിന് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥയുണ്ട്. ഇതുവരെ ഒരു നിയമത്തിലും ഈ ഭീകരതയെ നിര്‍വചിച്ചിട്ടില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. നേരത്തെ ഈ മൂന്ന് ബില്ലുകളും വിശദമായ വിലയിരുത്തലിനായി പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് കൈമാറുകയും മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലുകള്‍ അവതരിപ്പിച്ചത്.

നിലവില്‍, രാജ്യദ്രോഹക്കുറ്റത്തിന് ജീവപര്യന്തം തടവോ മൂന്ന് വര്‍ഷം വരെ നീട്ടിയേക്കാവുന്ന ജയില്‍ ശിക്ഷയോ ആണ് ലഭിക്കുക. ഈ മൂന്ന് വര്‍ഷത്തെ തടവ് 7 വര്‍ഷമാക്കി മാറ്റുന്നതാണ് പുതിയ വ്യവസ്ഥ. പുതിയ ബില്ലില്‍ ‘രാജ്യദ്രോഹം‘ എന്ന പദം നീക്കം ചെയ്യുകയും ചില മാറ്റങ്ങളോടെ വകുപ്പ് 150 പ്രകാരം വ്യവസ്ഥ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിദ്വേഷമോ അവഹേളനമോ അതൃപ്തിയോ ഉയര്‍ത്താന്‍ ശ്രമിക്കാതെ, നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിന്റെ നടപടികളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ഈ വകുപ്പ് പ്രകാരം കുറ്റകരമല്ല

ആരെങ്കിലും മനഃപൂര്‍വ്വം വാക്കുകളിലൂടെയോ, സംസാരിക്കുന്നതോ എഴുതിയതോ, അടയാളങ്ങളിലൂടെയോ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ, സാമ്പത്തിക മാര്‍ഗങ്ങളിലൂടെയോ, ഭിന്നിപ്പിക്കാനോ, സായുധ കലാപം/ അട്ടിമറിക്ക് ഉത്തേജിപ്പിക്കുകയോ ശ്രമിക്കുകയോ ചെയ്താല്‍ ജീവപര്യന്തം തടവിനോ ഏഴ് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവിനോ ശിക്ഷിക്കപ്പെടുമെന്നാണ് പുതിയ നിയമം.

നിലവിലുള്ള നിയമമനുസരിച്ച്, രാജ്യദ്രോഹത്തിന് ജീവപര്യന്തം അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇത് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയായി മാറ്റാനാണ് പുതിയ ബില്ലിലെ വ്യവസ്ഥകള്‍. കൂടാതെ പിഴ ശിക്ഷയ്ക്കും സാധ്യതയുണ്ട്. അതേസമയം വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ എന്നിവയും ശിക്ഷയ്ക്ക് വിധേയമാണെന്നും പുതിയ ബില്ലില്‍ പറയുന്നു.