മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലേക്ക്; ആശങ്ക വേണ്ട

ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യമുണ്ടായാൽ തുറക്കാനായിരുന്നു തമിഴ്നാടിന്റെ തീരുമാനം. സെക്കൻഡിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്.

0
147

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക് ഉയർന്നു. ജലനിരപ്പ് 139.90 അടിക്കു മുകളിലെത്തി. 142 അടിയാണ് അണക്കെട്ടിൻ്റെ പരമാവധി സംഭരണ ശേഷി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറച്ചതാണ് ഇപ്പോൾ ജലനിരപ്പ് ഉയരാൻ കാരണമായത്. സെക്കന്‍റിൽ 2050 ഘനയടി വെള്ള ഒഴുകിയെത്തുമ്പോൾ 300 ഘനയടിയാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ഇത് സെക്കന്റിൽ 250 ഘനയടിയായാണ് ഇപ്പോൾ കുറച്ചത്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറക്കാൻ തമിഴ്നാട് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ മഴ കുറഞ്ഞതിനു പിന്നാലെ ഈ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോഴും നീരൊഴുക്ക് കുറഞ്ഞ രീതിയിലാണ് അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യമുണ്ടായാൽ തുറക്കാനായിരുന്നു തമിഴ്നാടിന്റെ തീരുമാനം. സെക്കൻഡിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്തുളളവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.

തമിഴ്നാട്ടിൽ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ജാഗഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. അപകട സാധ്യതകൾ തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. കേരളത്തിലും അടുത്ത അഞ്ച് ദിവസത്തേയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മഴ മുന്നറിയിപ്പ് നിലനിൽക്കുകയാണ്.