‘സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്‍റെ ഭാഗം’, ഗവർണറെ അനുകൂലിച്ച് കെ സുധാകരനും കോൺഗ്രസും

അക്കാദമീഷ്യന്‍റെ യോഗ്യത മാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണമെന്നും കെ സുധാകരന്‍ ചോദിച്ചു. ലിസ്റ്റില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ല.

0
221

ന്യൂഡൽഹി: സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറെ പിന്തുണച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. യോഗ്യതയുള്ള സംഘ്പരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണ്. സംഘ്പരിവാര്‍ അനുകൂലികള്‍ മാത്രമായതുകൊണ്ട് എതിര്‍ക്കില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

അക്കാദമീഷ്യന്‍റെ യോഗ്യത മാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണമെന്നും കെ സുധാകരന്‍ ചോദിച്ചു. ലിസ്റ്റില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ല. ലിസ്റ്റിലുള്ളവരുടെ യോഗ്യതകള്‍ പരിശോധിക്കുകയാണ്. അതിനായി കെ പി സി സി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെ എസ്എഫ്ഐയും സർക്കാരും ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കുന്നതിനിടെയാണ് കോൺഗ്രസും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഗവർണറെയും സംഘപരിവാറിന്റെയും പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നത്. ക്യാമ്പസുകൾ വർഗീയശക്തികൾക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ വിദ്യാർത്ഥി സംഘടനകൾ വിലയുറപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കോൺഗ്രസിന്റെ നിറം മാറ്റം.

സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ എന്ത് യോഗ്യത മാനദണ്ഡം നിശ്ചയിച്ചാണ് ഗവർണർ പട്ടിക തയ്യാറാക്കിയത് എന്ന ചോദ്യത്തിന് ഇപ്പോഴും മറുപടി പറയാൻ രാജ്ഭവൻ തയ്യാറായിട്ടില്ല. കെ സുധാകരന്റെ ഗവർണർ അനുകൂല നിലപാടിനെതിരെ പലകോണിൽ നിന്നായി പ്രതിഷേധ സ്വരങ്ങൾ ഉയരുന്നുണ്ട്.