സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതിക്ക് 23 വർഷം തടവും പിഴയും

2022 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂൾ വിദ്യാ‍ർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

0
157

കൊച്ചി: സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴവ ടി എം എം സെൻട്രൽ സ്കൂളിന് സമീപം പുത്തൻപുരയ്ക്കൽ അൻസൽ (22) നെയാണ് പെരുമ്പാവൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷിച്ചത്.

2022 ജൂലൈയിൽ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് വിദ്യാർഥിനിയെ പ്രതി പരിചയപ്പെട്ടത്. കൂടുതൽ അടുപ്പം സ്ഥാപിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വാട്ട്സാപ്പ് വഴി അയച്ചു വാങ്ങി. പിന്നീട് ഇതേ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

വിദ്യാർഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. തടിയിട്ടപറമ്പ് സി ഐ ആയിരുന്ന വി എം കേഴ്‌സൻ, എസ്ഐമാരായ സാജൻ, ടി സി രാജൻ, സി എ ഇബ്രാഹിംകുട്ടി, സീനിയർ സി പി ഓ എ ആർ ജയൻ, സിപിഒ മാരായ അരുൺ കെ കരുൺ, ഇൻഷാദ് പരിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. എ സിന്ധു ഹാജരായി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.