പ്ലാസ്റ്റിക് ബാഗില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതയായി നേപ്പാള്‍ പൊലീസ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. നേപ്പാളിലെ മധേഷ് പ്രവിശ്യയിലെ സര്‍ലാഹി ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ബീഹാര്‍ സ്വദേശിയായ ഹരീഷ് ചന്ദ്ര കുമാര്‍ സുദിയെ അറസ്റ്റ് ചെയ്തത്. നവജാത ശിശുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മലങ്കാവയിലെ ആശുപത്രിയിലേക്ക് മാറ്റി.
ഹരീഷ് ചന്ദ്ര കുമാറിന്റെ കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗ് പരിശോധിച്ചപ്പോഴാണ് പൊലീസ് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു. ഇതിനുമുൻപും പല കുറ്റകൃത്യങ്ങളിലായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ നേപ്പാൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
രക്ത ചന്ദനം കൈവശം വച്ചതിന് കാഠ്മണ്ടുവിന് സമീപത്ത് നിന്ന് നവാവുദ്ദീന്‍ ചൗധരി (22) എന്ന മറ്റൊരു ഇന്ത്യന്‍ പൗരനെയും നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ സ്വദേശിയായ ഇയാള്‍ ദില്ലിയില്‍ നിന്ന് ശനിയാഴ്ച ബസിലാണ് കാഠ്മണ്ടുവിലെത്തിയത്. പൊലീസ് ബസില്‍ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ നവാവുദ്ദീന്‍ ചൗധരിയുടെ ബാഗില്‍ നിന്നും 580 ഗ്രം രക്ത ചന്ദനം കണ്ടെത്തുകയായിരുന്നു. ഇയാളെയും അറസ്റ്റ് ചെയ്ത് കേസെടുത്തു.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ ഇന്നും ആളുകള്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ നോപ്പാള്‍ തെരഞ്ഞെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. സമാനമായി ഇന്ത്യയില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ പോലീസിന്‍റെ കൈയില്‍പ്പെടാതിരിക്കാനായി നേപ്പാളിലേക്ക് നീങ്ങുന്നു. ഇന്ത്യയും നേപ്പാളും തമ്മില്‍ വിസ നിയന്ത്രണങ്ങള്‍ കുറവായതിനാല്‍ കുറ്റവാളികള്‍ക്ക് അതിര്‍ത്തികടക്കുന്നത് എളുപ്പമാണ്.