അമിത് ഷായ്‌ക്കെതിരായ വിമർശനം: യുപി കോടതിയിൽ ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് സമൻസ്

അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിന് ഫയൽ ചെയ്ത കേസിലാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്.

0
216

ലക്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ചെന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് സമൻസ്. ജനുവരി ആറിന് യുപി കോടതിയിൽ ഹാജരാകാനാണ് സമൻസിൽ പറയുന്നത്. ഡിസംബർ 16ന് ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിന് ഫയൽ ചെയ്ത കേസിലാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്.

സംഭവത്തിൽ പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത് ആരോപിച്ച് കോൺഗ്രസ് അംഗങ്ങളും രംഗത്തെത്തിയിരുന്നു. പലപ്പോഴും അനാവശ്യമായി രാഹുൽ ഗാന്ധിയെ വേട്ടയാടുകയാണെന്ന് അവർ ആരോപിച്ചു. മോദിക്കെതിരായി നടത്തിയ പരാമർശങ്ങൾ ഒരു സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി രാഹുൽഗാന്ധിക്കെതിരെ കോടതിയിൽ കേസ് എത്തിയിരുന്നു.

പാർലമെൻറ് ആക്രമണത്തിലും രാഹുൽ ഗാന്ധി ബിജെപി സർക്കാരിനെയും നരേന്ദ്രമോദിയെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം കാരണം രാജ്യത്തെ പൗരന്മാർക്ക് തൊഴിൽ ലഭിക്കുന്നില്ല. തൊഴിലില്ലായ്മയാണ് സുരക്ഷാ വീഴ്ചയുടെ കാരണം. സുരക്ഷാ ലംഘനം ‌സംഭവിച്ചു. പക്ഷേ, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. മോദി ജിയുടെ നയങ്ങൾ കാരണം ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നില്ല,” രാഹുൽ ഗാന്ധി പറഞ്ഞു.

സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സഭയിൽ വിഷയത്തിൽ പ്രസ്താവനകൾ നടത്തുന്നില്ലെന്നും സുരക്ഷാവീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി.