ന്യൂ ഡൽഹി: രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിൽ മാറ്റംവരുത്തി കേന്ദ്ര സർക്കാർ. ലോക്സഭയില്‍ അവതരിപ്പിച്ച മൂന്ന് പുതിയ ക്രിമിനല്‍ നിയമ ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകളെ തുടര്‍ന്നാണ് നീക്കം. സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ബില്ലുകളുടെ പുതിയ രൂപരേഖ തയ്യാറാക്കും.
ഭാരതീയ ന്യായ സംഹിത ബില്‍ 2023, ഭാരതീയ നാഗരിക സുരക്ഷാ സംഹിത ബില്‍ 2023, ഭാരതീയ സാക്ഷ്യ ബില്‍ 2023 എന്നിവയാണ് പിന്‍വലിച്ചത്. ഇത് ബ്രിട്ടീഷ് കാലഘട്ടത്തിലെ മൂന്ന് നിയമങ്ങള്‍ക്ക് പകരമായി ഓഗസ്റ്റ് 11 ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരം അവതരിപ്പിച്ച മൂന്ന് ബില്ലുകളാണ് പിന്‍വലിച്ചിരിക്കുന്നത്.
മൂന്ന് ബില്ലുകളും വിശദമായ വിലയിരുത്തലിനായി പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് കൈമാറുകയും മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലുകള്‍ അവതരിപ്പിച്ചത്.