എറണാകുളം : ആലുവയിൽ സ്വന്തം മരണം വിവരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ആലുവ സ്വദേശി അജ്മൽ ആണ് തൂങ്ങിമരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ജീവനൊടുക്കലിന് കാരണമെന്നാണ് പറയപ്പെടുന്നത് .
ആർ.ഐ.പി അജ്മൽ ഷരീഫ് (1995-2023) എന്ന് തന്റെ ചിത്രമുൾപ്പെടുത്തിയുള്ള പോസ്റ്റർ പങ്കുവച്ച ശേഷമായിരുന്നു ഇയാൾ ജീവനൊടുക്കിയത്. നേരത്തെ ദുബൈയിൽ പോയിരുന്ന അജ്മൽ ജോലി ലഭിക്കാത്തതിനെ തുടർന്ന് തിരികെ വന്നിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി മനോവിഷമത്തിലായിരുന്നു.
മരിക്കുന്നതിന് 10 മിനിറ്റ് മുമ്പാണ് ഇൻസ്റ്റാഗ്രാമിൽ താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അജ്മൽ പോസ്റ്റിട്ടത്. അതിന് പിന്നാലെ വീടിന് മുകളിലത്തെ മുറിയിൽ അജ്മലിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അജ്മലിനെ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.