ഇല്ല ലക്ഷ്മിക മരിക്കില്ല, കടബാധ്യത തീർക്കാൻ എല്ലാം ഉള്ളിലൊതുക്കി അവൾ വീണ്ടും കടൽ കടന്നു; ഉള്ളുലയ്ക്കുന്ന കുറുപ്പ്

‘കാക്ക’യിലെ പഞ്ചമിയെപ്പോലെ യഥാർഥ ജീവിതത്തിലും തന്റെ അച്ഛനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു അവൾ. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയം.

0
398

കൊച്ചി∙ യുവനടി ലക്ഷ്മിക സജീവന്റെ വിയോഗ വാർത്ത ഞെട്ടലോടെ പ്രിയപ്പെട്ടവർക്കരികിലേയ്ക്ക് എത്തിയത്. പലർക്കും വിശ്വസിക്കാൻ സാധിക്കുന്നില്ല. ലക്ഷ്മികയുടെ വേർപാടിൽ നൊമ്പരമായി മാറുകയാണ് നിർമാതാവ് പി.ടി.അൽതാഫ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു ലക്ഷ്മികെയന്നും കട ബാധ്യത തീർക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കി വീണ്ടും കടൽ കടക്കുകയായിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ ലക്ഷ്മിക ഷാർജയിൽവച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. അവിടെ ബാങ്കിൽ ജോലി ചെയ്തു വരികയായിരുന്നു.

ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ:
ആരോടും യാത്ര പറയാതെ ‘കാക്ക’യിലെ പഞ്ചമി സ്വർഗലോകത്തേക്ക്‌ യാത്രയായിരിക്കുന്നു. മനസ് മരവിച്ചിരിക്കുന്നു. ഹൃദയം വേദനയാൽ നുറുങ്ങിപ്പോകുന്നു. ഇല്ല ലക്ഷ്മിക മരിക്കില്ല. ജനകോടികളുടെ ഹൃദയത്തിലാണവൾക്ക്‌ സ്ഥാനം. ഒരുപാട്‌ സ്വപ്നങ്ങളുമായി ജീവിച്ചവൾ. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയം. സ്വന്തമായി ഒരു കൊച്ചു കൂര എല്ലുമുറിയെ പണിയെടുത്ത്‌ അവൾ കെട്ടിപ്പടുത്തു.

കടബാധ്യത തീർക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കി അവൾ വീണ്ടും കടൽ കടന്നു. പക്ഷേ വിധി അവളെ മരണത്തിന്റെ രൂപത്തിൽ തട്ടിയെടുത്തു. ഒന്നു പൊട്ടിക്കരയാൻ പോലും ത്രാണിയില്ലാതെ, വീടിന്റെ വരാന്തയിൽ തളർന്നിരിക്കുന്ന ആ അച്ഛനെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്നറിയാതെ, ഒന്നുമുരിയാടാതെ ദുഃഖം കടിച്ചമർത്തി ഞാൻ ആ വീട്ടിൽ നിന്നും നിറ കണ്ണുകളോടെ പതുക്കെ നടന്നകന്നു.

അതെ, ‘കാക്ക’യിലെ പഞ്ചമിയെപ്പോലെ യഥാർഥ ജീവിതത്തിലും തന്റെ അച്ഛനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു അവൾ. സ്വന്തം അച്ഛനെ വിട്ട്‌ കാക്കയിലെ അച്ഛന്റെയും, ഒത്തിരി ഇഷ്ടമായിരുന്ന ടോണിച്ചേട്ടന്റെയും അടുത്തേക്ക്‌ അവൾ യാത്രയായി. എല്ലാവരെയും കരയിച്ചു കൊണ്ട്‌. വിട, പ്രിയ സോദരീ.