500 രൂപയുടെ നോട്ടുകളും നിരോധിക്കുമോ? കള്ളനോട്ട് പെരുകിയ സാഹചര്യത്തിൽ കടുത്ത നടപടി വേണ്ടി വരുമെന്ന് ആർ ബി ഐ, ജനം ആശങ്കയിൽ

2000 രൂപ നോട്ടുകൾ അസാധുവാക്കിയതിന് ശേഷം ഇപ്പോൾ 500 രൂപ നോട്ടുകളാണ് തട്ടിപ്പുകാർ ലക്ഷ്യം വെക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ 500 രൂപയുടെ നോട്ടുകൾ പിൻവലിക്കുമോ എന്ന സന്ദേഹമാണ് ഉയർന്നിരിക്കുന്നത്

0
305

ന്യൂഡൽഹി: രാജ്യത്ത് രണ്ടായിരത്തിന്റെ നോട്ടിനുപിന്നാലെ 500 രൂപയുടെ നോട്ടുകളും പിൻവലിക്കുമോ? 500 രൂപയുടെ നോട്ടിന്റെ കാര്യത്തിൽ റീസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ (ആർ ബി ഐ) ഉന്നതർ കൂടിയാലോചനകൾ നടത്തുന്നുവെന്ന റിപ്പോർട്ടുകൾ സജീവമായതോടെയാണ് അഭ്യൂഹം മുറുകിയത്. ഇത് സംബന്ധിച്ച് സാമ്പത്തിക മേഖലയിൽ ചർച്ചകൾ സജീവമായതോടെ ജനങ്ങളും ആശങ്കയിലായി.

രണ്ടായിരത്തിന്റെ വിതരണം പൂർണമായും നിർത്തിയതോടെ 500 രൂപ നോട്ടുകളുടെ കള്ളനോട്ട് വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ഇത് റിസർവ് ബാങ്കിന് വലിയ തലവേദനയായി മാറുകയാണ്.

2022 – 23 കാലയളവിൽ 500 രൂപയുടെ മാത്രം ഒരു ലക്ഷത്തോളം കള്ളനോട്ടുകൾ ആണ് കണ്ടെത്തിയിട്ടുള്ളത്. 91110 നോട്ടുകൾ പിടിച്ചെടുക്കുകയും ഇത് തടയാനാവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 2021 – 22 വർഷത്തെ അപേക്ഷിച്ച് 14.6 ശതമാനം അധികം  കള്ളനോട്ടുകളാണ് രാജ്യത്ത് പ്രചരിച്ചത്. പിടികൂടിയതിലും എത്രയോ മടങ്ങ് പൊതുവിപണിയിൽ പ്രചരിപ്പിക്കപെട്ടിട്ടുണ്ട് എന്നാണ് ആർ ബി ഐ കണക്ക് കൂട്ടുന്നത്.

2020-21 സാമ്പത്തിക വർഷത്തിൽ 500 രൂപയുടെ 39453 കള്ളനോട്ടുകൾ കണ്ടെത്തി, 2021-22 ൽ ഇത് 76,669 ആയി ഉയർന്നു. അങ്ങനെ, വർദ്ധിച്ചുവരുന്ന കള്ളനോട്ടുകളുടെ എണ്ണം ആർ ബി ഐയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്നു. 500 രൂപയുടെ നോട്ടുകൾ മാത്രമല്ല 100, 50, 20, 10 എന്നീ രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. 2000 രൂപ നോട്ടുകൾ പിൻവലിച്ചതോടെ വ്യാജ നോട്ടുകളുടെ വ്യാപനത്തിൽ 28 ശതമാനം കുറവ് വന്നതായും ആർ ബി ഐ വ്യക്തമാക്കുന്നു.

രാജ്യത്ത് വർധിച്ചുവരുന്ന 500, 2000 രൂപയുടെ കള്ളനോട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ അടുത്തിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വാർഷിക റിപ്പോർട്ടിൽ പങ്കുവെച്ചിരുന്നു. 2000 രൂപ നോട്ടുകൾ അസാധുവാക്കിയതിന് ശേഷം ഇപ്പോൾ 500 രൂപ നോട്ടുകളാണ് തട്ടിപ്പുകാർ ലക്ഷ്യം വെക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ 500 രൂപയുടെ നോട്ടുകൾ പിൻവലിക്കുമോ എന്ന സന്ദേഹമാണ് ഉയർന്നിരിക്കുന്നത്. ഇതാണ് പൊതുസമൂഹത്തെയാകെ ആശങ്കയിലാക്കുന്നതും.