കോഴ വാങ്ങാത്ത ബിജെപിയും പൂത്തുലയുന്ന ജനാധിപത്യവും

കർണാടകത്തിൽ എതിർപാർട്ടിയിൽ ഉൾപ്പെട്ട എം എൽ എമാർ എങ്ങനെയാണ് ബിജെപിയിൽ വന്നത്? ഓപ്പറേഷൻ കമല, റിസോർട്ട് പൊളിറ്റിക്സ്, കുതിരക്കച്ചവടം എന്നൊക്കെ. കർണാടകത്തിൽ, മധ്യപ്രദേശിൽ, മഹാരാഷ്ട്രയിൽ, ഗോവയിൽ,മണിപ്പൂരിൽ, നാഗാലാൻഡിൽ...

0
1262

ഹൗ… ജനാധിപത്യം അങ്ങനെ പൂത്തുലയുകയാണ് നമ്മുടെ രാജ്യത്ത്. നാളിതുവരെ കോഴ വാങ്ങാത്ത അല്ലെങ്കിൽ കോഴ കൊടുക്കാത്ത ഒരേയൊരു പാർട്ടിയുണ്ടെങ്കിൽ അത് ബി ജെ പിയാണ്. ഇന്നുവരെ ആരേലും കേട്ടിട്ടുണ്ടോ ബി ജെ പി കോഴ വാങ്ങിയെന്ന്. അതാണ്‌ ബി ജെ പി
പിന്നെ ചില ദോഷദൃക്കുകൾ പലതും പറയും. ഓപ്പറേഷൻ കമല, റിസോർട്ട് പൊളിറ്റിക്സ്, കുതിരക്കച്ചവടം എന്നൊക്കെ. കർണാടകത്തിൽ, മധ്യപ്രദേശിൽ, മഹാരാഷ്ട്രയിൽ, ഗോവയിൽ,മണിപ്പൂരിൽ, നാഗാലാൻഡിൽ… അങ്ങനെ ചില സംസ്ഥാനങ്ങളിൽ ഒക്കെ ബിജെപി ഭരണത്തിലേറിയത് സംശുദ്ധ രാഷ്ട്രീയം പയറ്റിയാണ് എന്ന് ആർക്കാണ് അറിയാത്തത്. കർണാടകത്തിൽ എതിർപാർട്ടിയിൽ പെട്ട എം എൽ എമാർ എങ്ങനെയാണ് ബിജെപിയിൽ വന്നത് എന്നറിയാമോ?

ബിജെപി കൊടി ഇങ്ങനെ പാറുന്നത് കണ്ട് രോമാഞ്ചം കൊണ്ടാണ് പലരും ബിജെപിയിൽ ചേർന്നത്. അല്ലാതെ ഇ ഡി, സി ബി ഐ, ഇൻകം ടാക്സ് എന്നൊക്കെ കെട്ടിട്ടല്ല. ഇവിടെയും ചില ദുഷ്ടന്മാർ രാത്രിയിലെ ഫോൺ വിളിയും പെട്ടിയിൽ കെട്ടും കൊണ്ട് വരും എന്നൊക്കെ പറയും. അതൊന്നും കണക്കിലെടുക്കേണ്ട. അതൊന്നും കോഴ പരിധിയിൽ വരികയുമില്ല. സുന്ദര രാമരാജ്യം പടുത്തുയർത്താൻ മറ്റ് മതസ്ഥരെ കൊല്ലുന്നതുപോലെ വളരെ ലൈറ്റ് ആയ പരിപാടിയേ ബിജെപി കൈക്കൊള്ളാറുള്ളു. അപ്പോൾ മറ്റുള്ളവർക്ക് ചായ പൈസ കൊടുക്കേണ്ടി വരും. ചായ പൈസ ഇന്നുവരെ കോഴ അല്ലാത്തത് കൊണ്ട് അഴിമതിയുടെ ഗണത്തിൽ വരില്ല. അതുകൊണ്ടുതന്നെ ഇ ഡി വരികയുമില്ല.

കർണാടകത്തിലെ കുന്ദാപുരയിൽ തീവ്ര ഹിന്ദുത്വ നേതാവ് ചൈത്ര നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് ഏഴു കോടി തട്ടിയതും ചായക്കാശിന് വേണ്ടിയായിരുന്നു. മറ്റൊന്ന് കൂടി. രാജ്യത്ത് ഇലക്ടറൽ ബോണ്ട്‌ വഴി ഏറ്റവും കൂടുതൽ പണം വന്നത് ബിജെപിക്കാണ്. ഏതാണ്ട് ആരായിരം കോടി രൂപയ്ക്കടുത്ത് വരും. ഇങ്ങനെ ലഭിക്കുന്ന സംഭാവനകൾ കണക്കിൽ കാണിക്കേണ്ടതില്ല എന്നൊരു അനുഗ്രഹവും ബിജെപിക്ക് തുണയായി. സോ അതും കോഴയിൽ വരില്ല.

ഇവിടെ കേരളത്തിൽ നമ്മുടെ സുരയണ്ണൻ രണ്ടു പെട്ടികളിൽ കുറച്ച് കോടികൾ കൊണ്ടുവന്നത് എന്തിനെന്നാ? ബത്തേരിയിൽ സി കെ ജാനുവിനും മഞ്ചേശ്വരത്ത് കെ സുന്ദരക്കും ചായ പൈസ കൊടുക്കാൻ ആയിരുന്നു. ശബരിമലയിൽ “സമാധാനം നിലനിർത്താൻ ” പോകുന്ന വഴി ചായ കുടിക്കാനും പിന്നെ കുറച്ച് ഹാൻസ് വെക്കാനും- അതിനായാണ് രണ്ട് പെട്ടി കരുതിയത്. പിന്നെ കൊടകരയിൽ ചില ആഭാസന്മാർ തട്ടിക്കൊണ്ടുപോയ കാശ്, അതും അല്ലറ ചില്ലറ വഴിചെലവ് കാശായിരുന്നു. അല്ലാതെ കോഴ എന്ന് തെറ്റിദ്ധരിക്കരുത്.

അദാനിജി ലോകത്തെ വലിയ കോടീശ്വരൻ ആയത് കോഴ കൊടുത്തിട്ടാണോ, അല്ലല്ലോ. രാജ്യത്തെ എല്ലാ പദ്ധത്തികളും അദാനിജിക്ക് കിട്ടുന്നത് കോഴയുടെ മറ പറ്റിയാണോ, അല്ല എന്നാണ് മോദിജി പറയുന്നത്. അമിത് ഷാ
ജിയുടെ മകൻ ജെയ്ഷാ ജി ഒന്നും ഈ ഗണത്തിൽ പെടില്ല. നവരത്ന പട്ടികയിൽപ്പെടുന്ന പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതൊന്നും കോഴ എന്ന വിഭാഗത്തിൽ വരില്ലെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരകരായ ഇ ഡി നേരത്തെ പറഞ്ഞിട്ടുണ്ട്.

യഥാർത്ഥത്തിൽ എന്താണ് കോഴ? ലോക്സഭയിൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചാൽ അത് വലിയ കോഴ. മതേതര രാജ്യമായ ഇന്ത്യയെ ഹൈന്ദവവൽക്കരിക്കാൻ ശ്രമിക്കുന്നത് ചോദ്യം ചെയ്താൽ അതും കോഴ. എൻ സി ആർ ടിയെ കാവിവലിക്കരിക്കുന്നതിനെതിരെ പ്രതിഷേധിച്ചാൽ അത് വലിയ കോഴ. പൗരത്വ ഭേദഗതി ബില്ലിനെതിരെ തെരുവിലിറങ്ങിയാൽ അതും കോഴ. കേന്ദ്രസർക്കാരിന്റെ രാജ്യവിരുദ്ധ നടപടിക്കെതിരെ, ഭരണഘടന ഇല്ലാതാക്കുന്നതിനെതിരെ വാർത്ത എഴുതിയാൽ അത് വലിയ കോഴ എന്ന് മാത്രമല്ല, രാജ്യദ്രോഹവും കൂടിയാകും. അപ്പോപിന്നെ പ്രധാനമന്ത്രിയോട് ചോദ്യം ചോദിച്ച മഹുവാ മൊയ്‌ത്ര ചെയ്തത് കോഴയാണ്. കോഴ വാങ്ങിയ ആളുമാണ്.

അതുകൊണ്ട് സൂർത്തുക്കളെ നിങ്ങൾ കോഴ വാങ്ങരുത്. കൊഴയെ പറ്റി ചിന്തിക്കരുത് എന്നാണ് ഉദ്ബോധിപ്പിക്കാൻ ഉള്ളത്. അതായത് പ്രധാനമന്ത്രിയോടോ ബിജെപിയോടോ ചോദ്യം ചോദിക്കരുത് എന്ന്. അതിനി ലോക്സഭയിലായാലും രാജ്യസഭയിലായാലും പൊതുസ്ഥലത്തായാലും. എന്തായാലും ബിജെപി ഒഴികെയുള്ള എല്ലാ എംപിമാരും കോഴക്കാരായി മാറുന്ന കിനാശേരി ഇന്ത്യയിൽ ഉണ്ടാകാൻ പോകുന്നു എന്നതാണ് ആകെയൊരു സന്തോഷം. അങ്ങനെ വരുമ്പോൾ ഹരിശ്ചന്ദ്രന്മാരായ ബിജെപിക്കാർ വാഴുന്ന “രാമ ഭാരതമായി” നമ്മുടെ രാജ്യം മാറുന്ന മനോഹര കാഴ്ചയും ഇനി ഉണ്ടാകാൻ പോകുന്നു എന്നതാണ് മറ്റൊരു സംഗതി. ആഹ്ലാദിച്ചാട്ടെ, സന്തോഷിച്ചാട്ടെ, പ്രത്യേകിച്ച് പാവങ്ങളുടെ നെഞ്ചത്ത് മാത്രം കുതിര കയറുന്ന മാധ്യമങ്ങൾ.