പ്രതിപക്ഷ ബഹിഷ്കരണം: വി ഡി സതീശനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

നവ കേരള സദസിനെ ബഹിഷ്‌ക്കരിക്കാൻ പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു. എന്നിട്ടെന്തായി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ പോലും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്

0
195

പറവൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറവൂരിലെ മഹാസംഗമം പലർക്കുമുള്ള മറുപടിയാണ്. പറവൂരിൽ കാണാമെന്നു പറഞ്ഞത് ഇവിടെയുള്ള ജനങ്ങളിൽ വിശ്വാസമർപ്പിച്ചാണ്. ആ വിശ്വാസം അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂർ മണ്ഡലം നവകേരളസദസ്സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവ കേരള സദസിനെ ബഹിഷ്‌ക്കരിക്കാൻ പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു. എന്നിട്ടെന്തായി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ പോലും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. സ്ത്രീകളുടെയും സഹോദരിമാരുടെയും വലിയ തോതിലുള്ള പ്രവാഹം. സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നത്. ഇതിനെയൊന്നും തള്ളിക്കളയാൻ ഒരു നേതാവിന്റെയും ആഹ്വാനത്തിന് കഴിയില്ല.

ഒരു പ്രത്യേകതരം മനോഭാവമാണ് പ്രതിപക്ഷനേതാവിന്. എന്തിനോടും നിഷേധ നിലപാട്. കേരളം ഒരുതരത്തിലും മുന്നോട്ടുപോകരുതെന്ന ചിന്തയാണ് അദ്ദേഹത്തിന്. നിഷേധ സമീപനമാണ്. എല്ലാത്തിനെയും തള്ളിപ്പറയുകയും എതിർക്കുകയും ചെയ്യുന്നു. ലോക കേരളസഭ, കേരളീയം ഉൾപ്പെടെയുള്ള ജനകീയ പരിപാടികൾ ബഹിഷ്കരിച്ചു. അതിന്റെ തുടർച്ചയാണ് നവകേരളസദസ്സ്‌ ബഹിഷ്കരണവും. എന്നാൽ, കേരളം മുന്നോട്ടുപോകണമെന്ന്‌ ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ ഭാഗമാണ് പതിനായിരങ്ങൾ പങ്കെടുക്കുന്ന നവകേരളസദസ്സ്‌. ഓരോ പ്രദേശത്തും ഒരുകാലത്തും ഉണ്ടായിട്ടില്ലാത്ത കൂട്ടായ്മയാണുണ്ടാകുന്നത്. ഒരിടത്തും നവകേരളസദസ്സിനെത്തുന്നവരെ ഉൾക്കൊള്ളാൻ പര്യാപ്തമായ ഗ്രൗണ്ടില്ല. ഒന്നിച്ചുനിൽക്കണം, നാട് മുന്നോട്ടുപോകണം എന്നാണ് നവകേരളസദസ്സിൽ പങ്കെടുക്കുന്നവർ നൽകുന്ന സന്ദേശം.

അധികാരവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് എല്ലാം കാണുന്നത്. എൽഡിഎഫിന് തുടർഭരണം ഉണ്ടായത് വികസനത്തിന്റെ ഫലമായിട്ടാണെന്നും ഇനി വികസനം പാടില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. കേരളത്തിന്റെ വികസനം തടയാനുള്ള കേന്ദ്രസർക്കാർ നടപടിയെ എതിർക്കുന്നില്ല. 2021ൽ എൽഡിഎഫിനെ അപകീർത്തിപ്പെടുത്താൻ അവരുടെ സഹായം കിട്ടി. എന്നാൽ, ജനങ്ങളാണ് അന്തിമ വിധികർത്താക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു.