വി ഡി സതീശൻ നാണം കെട്ടു, മനുഷ്യ മഹാ സാഗരമായി പറവൂർ, ഒഴുകിയെത്തിയത് പതിനായിരങ്ങൾ

നവ കേരള സദസ് തന്റെ മണ്ഡലമായ പറവൂരിൽ എത്തുമ്പോൾ കാണാം എന്നായിരുന്നു വി ഡി സതീശന്റെ വെല്ലുവിളി. ഈ സദസ് അശ്ലീല സദസ് ആണെന്നുമുള്ള വില കുറഞ്ഞ ആരോപണവും സതീശൻ നടത്തി.

0
1689

പറവൂർ: മറുപടി എന്നു പറഞ്ഞാൽ ഇങ്ങനെയായിരിക്കണം, പറവൂരിലേതുപോലെ. നവ കേരള സദസ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത വി ഡി സതീശന്റെ മുഖത്തേറ്റ അടിയായി പറവൂരിലെ ജനസാഗരത്തിന്റെ വരവേൽപ്പ്. സ്ത്രീകളടക്കം നൂറുകണക്കിന് കോൺഗ്രസുകാരാണ് പറവൂർ

മണ്ഡലത്തിൽ നവ കേരള സദസിനെ വരവേൽക്കാനും പങ്കെടുക്കാനും എത്തിയത്, സതീശന്റെ ഭാഷയിൽ പറഞ്ഞാൽ അശ്ലീല സദസ്സിൽ പങ്കെടുക്കാൻ. നാളെയുടെ കേരളത്തെ രൂപപ്പെടുത്തുന്ന നവ കേരള സദസ്സിൽ ഒരേ മനസോടെ തങ്ങൾ അണിനിരക്കുന്നുവെന്ന് കോൺഗ്രസുകാർ അടക്കമുള്ളവർ വിളിച്ചുപറഞ്ഞു. വി ഡി സതീശന്റെ ജൽപ്പനങ്ങൾക്ക് പറവൂർ മണ്ഡലം പുല്ലുവില കൽപ്പിക്കുന്നു എന്ന് ജനക്കൂട്ടം തെളിയിച്ചു.

ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ തന്നെ പറവൂർ ജന നിബിഡമായിരുന്നു. കലാ സാംസ്‌കാരിക കായിക പ്രവർത്തകരും തൊഴിലാളികളും യുവാക്കളും വിദ്യാർഥികളും ഒക്കെ സദസ്സിൽ പങ്കാളികളായി. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപിച്ച “ആഡംബര ബസ്” പറവൂരിലേക്ക് എത്തിയതോടെ ഹർഷാരവം മുഴക്കിയും കയ്യടിച്ചും ആർപ്പ് മുഴക്കിയും ജനക്കൂട്ടം.

നിറഞ്ഞ അഭിമാനത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് മന്ത്രിമാരെയും കൈ വീശി കാട്ടി നാട്ടുകാർ. ബസിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിക്ക് ഒരു വേള വേദിയിലേക്ക് കടക്കാൻ പോലും കഴിയാത്ത തരത്തിൽ ആളുകൾ. സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിൽ എത്തിച്ചത്.

ചടങ്ങിന്റെ സ്വാഗതം പറയുമ്പോൾ തുടങ്ങിയ കയ്യടി പിന്നെ നിലച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓരോ വാക്കിനും നിലക്കാത്ത കരഘോഷം. പറവൂരിൽ കാണമെന്ന് സതീശനോട് പറഞ്ഞത് ഇവിടുത്തെ ജനങ്ങളിലുള്ള വിശ്വാസം കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞതൊക്കെ ആവേശം അതിന്റെ പാരമ്യത്തിലെത്തി.

നവ കേരള സദസ് തന്റെ മണ്ഡലമായ പറവൂരിൽ എത്തുമ്പോൾ കാണാം എന്നായിരുന്നു വി ഡി സതീശന്റെ വെല്ലുവിളി. ഈ സദസ് അശ്ലീല സദസ് ആണെന്നുമുള്ള വില കുറഞ്ഞ ആരോപണവും സതീശൻ നടത്തി. എന്നാൽ, സതീശന്റെ വെല്ലുവിളി പറവൂർ മണ്ഡലത്തിലെ ജനങ്ങൾ പുച്ഛിച്ചുതള്ളി. ബഹിഷ്‌ക്കരണ നേതാവ് സതീശനിലല്ല, മറിച്ച് എൽ ഡി എഫ് സർക്കാരിലാണ് തങ്ങളുടെ വിശ്വാസവും പ്രതീക്ഷയുമെന്നും പറവൂർ മണ്ഡലം ഒറ്റക്കെട്ടായി വിളിച്ചോതി.