ഉദ്ഘാടനചിത്രം ‘ഗുഡ്‌ബൈ ജൂലിയ’; രാജ്യാന്തര ചലച്ചിത്രമേളയ്‌ക്കൊരുങ്ങി തലസ്ഥാന നഗരി

2011 ലെ സുഡാന്‍ വിഭജനസമയത്ത് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിര്‍മിക്കപ്പെട്ട ഈ ചിത്രം മോന എന്ന ഗായികയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെകുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്.

0
242

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇനി രണ്ട് ദിവസംകൂടി. ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയില്‍ മുഹമ്മദ് കൊര്‍ദോഫാനി എന്ന നവാഗത സുഡാനിയന്‍ ചലച്ചിത്രകാരന്റെ ‘ഗുഡ്‌ബൈ ജൂലിയ’  ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ എട്ടിന് മേളയുടെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ ആയിരിക്കും ചിത്രത്തിന്റെ പ്രദര്‍ശനം.

2011 ലെ സുഡാന്‍ വിഭജനസമയത്ത് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിര്‍മിക്കപ്പെട്ട ഈ ചിത്രം മോന എന്ന ഗായികയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെകുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. അതിനോടൊപ്പം തന്നെ സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. തന്റെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി കൊര്‍ദോഫാനിയുടെ സംവിധാനമികവിലൂടെ യുദ്ധഭൂമികയില്‍ മനുഷ്യര്‍ നേരിടുന്ന പല പ്രശ്‌നങ്ങളെയും തിരശീലയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.

സുഡാനില്‍ നിന്ന് കാന്‍ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. കാന്‍ ചലച്ചിത്ര മേളയില്‍ ഫ്രീഡം അവാര്‍ഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയുമായിരുന്നു. 2023-ല്‍ പുറത്തിറങ്ങിയ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം മികച്ച തിരഞ്ഞെടുപ്പായാണ് സിനിമ ആസ്വാദകര്‍ വിലയിരുത്തുന്നത്.

ഹോമേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മണ്‍മറഞ്ഞ 12 പ്രതിഭകളുടെ ചിത്രങ്ങളും ഇക്കുറി ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിക്കും. ഐ എഫ് എഫ് കെ യില്‍ ലൈഫ് ടൈം അചീവ്മെന്റ് അവാര്‍ഡ് നേടിയ സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയുടെ ‘കസിന്‍ ആഞ്ചെലിക്ക’, ഇബ്രാഹിം ഗോലെസ്റ്റാന്‍ സംവിധാനം ചെയ്ത ‘ബ്രിക്ക് ആന്‍ഡ് മിറര്‍’, ഫ്രഞ്ച് ചലച്ചിത്രകാരന്‍ ജാക്ക് റോസിയറിന്റെ ‘അഡിയൂ ഫിലിപ്പീന്‍’, ശ്രീലങ്കയിലെ ആദ്യ വനിതാ സംവിധായിക സുമിത്ര പെരീസിന്റെ ‘ദി ട്രീ ഗോഡസ്’, ടെറന്‍സ് ഡേവിസ് സംവിധാനം ചെയ്ത ഡിസ്റ്റന്റ് വോയിസസ് സ്റ്റില്‍ ലൈവ്സ്, വില്യം ഫ്രീഡ്കിന്‍ ചിത്രം ദി എക്സോര്‍സിസ്റ്റ് എന്നീ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.