നിയമന തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് നടത്തിയത് കോടികളുടെ വെട്ടിപ്പ്, പിടിയിലായത് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥൻ

ആരോഗ്യവകുപ്പിൻ്റെ പേരിലെ നിയമന തട്ടിപ്പിന് പുറമെ ബെവ്കോയുടെ പേരിലും നിയമന തട്ടിപ്പ് നടത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിൻ്റെ പേരിൽ നിയമനം നൽകാമെന്നേറ്റ് പലരിൽ നിന്നുമായി 50000 മുതൽ 1,60, 000 രൂപ വരെ വാങ്ങിയിട്ടുണ്ട്. തട്ടിപ്പിൽ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന് കൂടി പങ്കുണ്ടെന്ന് കരുതുന്നു.

0
142

തിരുവനന്തപുരം: കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയതിന് അറസ്റ്റിലായ യൂത്ത്‌ കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ സെക്രട്ടറി അരവിന്ദ്‌ വെട്ടിക്കലിൻ്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. ഇതിനകം വിവിധ ഇടങ്ങളിൽനിന്നായി ഇയാൾ കോടികളുടെ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. വ്യാജ തിരിച്ചറിയൽ കാർഡിലൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ രാഹുൽ മനക്കൂട്ടത്തിലിന്റെ വിശ്വസ്ഥനാണ് അറസ്റ്റിലായ അരവിന്ദ്.

ആരോഗ്യവകുപ്പിൻ്റെ പേരിലെ നിയമന തട്ടിപ്പിന് പുറമെ ബെവ്കോയുടെ പേരിലും നിയമന തട്ടിപ്പ് നടത്തിയതായാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. അരവിന്ദ് പോലീസ് കസ്റ്റഡിയിലായതറിഞ്ഞ് പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി പേർ പരാതിയുമായി രംഗത്തുവന്നു. ആരോഗ്യവകുപ്പിൻ്റെ പേരിൽ നിയമനം നൽകാമെന്നേറ്റ് പലരിൽ നിന്നുമായി 50000 മുതൽ 1,60, 000 രൂപ വരെ വാങ്ങിയിട്ടുണ്ട്. തട്ടിപ്പിൽ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന് കൂടി പങ്കുണ്ടെന്ന് കരുതുന്നു.

കോട്ടയം ഗവ. ജനറൽ ആശുപത്രിയിൽ റിസപ്‌ഷനിസ്റ്റ്‌ തസ്തികയിൽ നിയമന ഉത്തരവ്‌ കൈമാറി 50,000 രൂപ വാങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പ്‌ ഡയറക്ടറർ നൽകിയ പരാതിയിലാണ്‌ കന്റോൺമെന്റ്‌ പോലീസ് അരവിന്ദിനെ അറസ്റ്റ്‌ ചെയ്‌തത്‌. എംപി ക്വോട്ടയിൽ നിയമനം നൽകാമെന്നായിരുന്നു ഏറ്റുമാനൂർ സ്വദേശിയായ യുവതിക്ക്‌ അരവിന്ദ്‌ നൽകിയ വാഗ്‌ദാനം. ജനുവരി 17ന്‌ ജോലിക്ക്‌ ഹാജരാകണമെന്ന്‌ കാണിച്ച്‌ വ്യാജനിയമന കത്തും കൈമാറി. അരവിന്ദ്‌ പറഞ്ഞതുപ്രകാരം ജോലിക്കെത്തിയപ്പോഴാണ്‌ തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്‌. ആരോഗ്യവകുപ്പിൻ്റെ വ്യാജ ലെറ്റർഹെഡും സീലും ഉപയോഗിച്ചാണ് നിയമന ഉത്തരവുകൾ തയ്യാറാക്കിയത്.

എന്നാൽ സംഭവത്തിൽ യുവതി പരാതി നൽകിയിരുന്നില്ല. പക്ഷെ അരവിന്ദ് കൈമാറിയ കത്തിൻ്റെ പകർപ്പ്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ആരോഗ്യവകുപ്പ്‌ ഡയറക്ടർ പരാതി നൽകുകയായിരുന്നു. പത്തനംതിട്ടയിൽനിന്നാണ് അരവിന്ദിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അരവിന്ദിൻ്റെ രണ്ട് ഫോണുകൾ കസ്റ്റഡിയിലെടുത്തു. ഇയാൾ ഉൾപ്പെട്ട തട്ടിപ്പ് സംഘത്തിനെതിരേ അഞ്ചുപേർ പോലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.