കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഒന്നരമാസം പ്രായമുളള കുഞ്ഞിന്റേത് കൊലപാതകമെന്ന് പൊലീസ്. ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി പി ഷാനിഫ് കുറ്റം സമ്മതിച്ചു. കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മ അശ്വിനിയുടെ പങ്ക് സംബന്ധിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഡിസംബര്‍ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി അശ്വിനിയും ഷാനിഫും കറുകപ്പിള്ളിയിലെ ലോഡ്ജില്‍ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ എട്ടരയോടെ അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി. കുഞ്ഞിനെ ഉടൻതന്നെ ന്യൂ ബോണ്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാൽ കുഞ്ഞിന്റെ ദേഹത്തെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡോക്ടർക്ക് സംശയം തോന്നി പോലീസില്‍ വിവരം അറിയിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായും കണ്ടെത്തി. കുഞ്ഞ് കയ്യില്‍ നിന്ന് വീണതാണെന്നാണ് ഇവര്‍ ആദ്യം പോലീസിന് നല്‍കിയ മൊഴി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിക്കുന്നത്.
പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ഒന്നരവര്‍ഷമായി കൊച്ചിയില്‍ പലയിടത്തായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന കറുകപള്ളിയിലെ ലോഡ്ജ് മുറി പോലീസ് സീല്‍ ചെയ്തു. കുഞ്ഞിനെ കൊല്ലാനുണ്ടായ സാഹചര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.