സുനാമി മുന്നറിയിപ്പ്: 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ കനത്ത ജാഗ്രത നിര്‍ദ്ദേശവുമായി ഫിലിപ്പീന്‍സ്

ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് വ്യക്തമാക്കുന്നു.

0
677

മനില: ഫിലിപ്പീന്‍സിലെ മിന്‍ഡനോവയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പുമായി അധികൃതര്‍. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനം 63 കിലോ മീറ്റര്‍ ആഴത്തിലാണ് അനുഭവപ്പെച്ചത്. ഇതിന് പിന്നാലെ യു എസ് സുനാമി സിസ്റ്റം സുനാമി മുന്നറിയിപ്പ് നല്‍കി. മനിലയില്‍ നിന്ന് ഏകദേശം 900 കിലോമീറ്റര്‍ അകലെയായാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഫിലിപ്പീന്‍സിനും ജപ്പാനിലുമാണ് സുനാമി സാധ്യത കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് വ്യക്തമാക്കുന്നു.

ഭൂകമ്പത്തില്‍ എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നതിനെക്കുറിച്ച് വ്യക്തമല്ല. കഴിഞ്ഞ മാസം തെക്കന്‍ ഫിലിപ്പൈന്‍സില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 50ലേറെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് അന്ന് കേടുപാടുകള്‍ സംഭവിച്ചത്.

ഭൂചലനവും സുനാമി ഭീതിയും ജപ്പാനില്‍ നിരന്തരം കേള്‍ക്കുന്ന വാര്‍ത്തയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പുതിയ ദ്വീപ് ഉയര്‍ന്നുവന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പസഫിക് സമുദ്രത്തിനടിയിലുണ്ടായ ഒരു അഗ്‌നിപര്‍വത വിസ്‌ഫോടനത്തില്‍ ഒഗസ്വാര ദ്വീപ് ശ്രംഖലയ്ക്ക് സമീപം നവംബര്‍ ഒന്നിന് പുതിയ ദ്വീപ് ഉയര്‍ന്നുവരികയായിരുന്നു.