ജനം ആര്‍ക്കൊപ്പം? നാലിടങ്ങളിലെ വിധി ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ചയാണ് ഉന്നംവെയ്ക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പിന്‍ബലത്തില്‍ വലിയ പ്രതീക്ഷയിലാണ് മുന്നണികള്‍.

0
332

ന്യൂ ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ വിധി ഇന്നറിയാം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്നത്. 10 മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും. മിസോറമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവെച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയുരുന്നു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കാന്‍ സാധിക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പമെന്നറിയാന്‍ വലിയ ആവേശത്തിലാണ് രാജ്യം. എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പിന്‍ബലത്തില്‍ വലിയ പ്രതീക്ഷയിലാണ് മുന്നണികള്‍. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ചയാണ് ഉന്നംവെയ്ക്കുന്നത്. എന്നാല്‍ തുടര്‍ഭരണം ലക്ഷ്യംവെയ്ക്കുന്ന ബി ജെ പി ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

തെലങ്കാനയില്‍ ബി ആര്‍ എസ്സില്‍ നിന്നും മധ്യപ്രദേശില്‍ ബി ജെ പിയില്‍ നിന്നും ഭരണം പിടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. മധ്യപ്രദേശില്‍ 230 സീറ്റുകളിലെയും രാജസ്ഥാനില്‍ 199 സീറ്റുകളിലെയും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേയും തെലങ്കാനയില്‍ 119 സീറ്റുകളിലേയ്ക്കുമാണ് മത്സരം. നാളെ ഫലം കാത്തിരിക്കുന്ന മിസോറമില്‍ 40 മണ്ഡലങ്ങളാണുള്ളത്.

മിസോറമില്‍ ജനങ്ങളുടെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് വോട്ടെണ്ണല്‍ നീട്ടിവെച്ചത്. ഞായറാഴ്ച ദിവസം മിസോറമിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതാണ്. പ്രാര്‍ത്ഥനയും പള്ളികളുമായി കടന്നുപോകുന്ന ദിവസമയതിനാലാണ് ഞായറാഴ്ച ഫലപ്രഖ്യാപനം നടത്തരുതെന്ന ആവശ്യം ഉയര്‍ന്നത്. പിന്നീടിത് ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.