ഉറങ്ങിക്കിടന്ന മകള്‍ക്കുനേരെ ഡീസല്‍ ഒഴിച്ച് തീയിടാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

0
253

തിരുവനന്തപുരം: മകള്‍ ഉറങ്ങിക്കിടന്ന മുറിയിലേയ്ക്ക് ഡീസല്‍ ഴിച്ച് തീയിടാന്‍ ശ്രമിച്ച മുല്ലൂര്‍ തലയ്‌ക്കോട് കൃഷ്ണാലയത്തില്‍ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് രാധാകൃഷ്ണന്‍ ഇങ്ങനെ ചെയ്യാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

കുടുംബവഴക്കിനെ തുടര്‍ന്ന് രാധാകൃഷ്ണന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഭാര്യയും മകളുമായി അകന്ന് കഴിയുകയായിരുന്നു. നിരന്തരം പ്രശ്‌നങ്ങളെത്തുടര്‍ന്ന് രാധാകൃഷ്ണനെ വീട്ടില്‍ നിന്ന് വിലക്കിയുള്ള കോടതി ഉത്തരവ് ഭാര്യ കൈപ്പറ്റിയിരുന്നു. ഇത് ലംഘിച്ചാണ് ഇപ്പോള്‍ ഇയാള്‍ അതിക്രമത്തിന് മുതിര്‍ന്നത്. നവംബര്‍ 24-നും വീട്ടില്‍ കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു.

ഈ കേസില്‍ ഒളിവില്‍ പോയിരുന്ന രാധാകൃഷ്ണന്‍ ഇന്നലെ ഉച്ചയ്ക്ക് വീണ്ടുമെത്തി ആക്രമിക്കുകയായിരുന്നു. മകള്‍ ഉറങ്ങിക്കിടന്ന മുറിയുടെ ജനാല ചില്ലുകള്‍ തകര്‍ത്ത ശേഷം കൈയ്യില്‍ കരുതിയിരുന്ന ഡീസല്‍ മുറിക്കുള്ളിലേക്ക് ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് മകള്‍ ഓടി രക്ഷപെടുകയായിരുന്നു.

മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളും സാധനങ്ങളും കത്തി നശിച്ചെന്നാണ് റിപ്പോർട്ട്. വിവരം അറിഞ്ഞെത്തിയ വിഴിഞ്ഞം പൊലീസാണ് പ്രതിയം പിന്തുടർന്ന് പിടിച്ചത്.