വിനോദ സഞ്ചാരികള്‍ക്കായി നാട് തുറന്നുകൊടുക്കുകയാണ് ശ്രിലങ്ക. 2019-ലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തോടെ മന്ദഗതിയിലായ ശ്രീലങ്കന്‍ വിനോദ സഞ്ചാരമേഖലയെ തിരികെക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായാണ് ഇന്ത്യ ഉള്‍പ്പടെയുള്ള ഏഴ് രാജ്യങ്ങള്‍ക്ക് സൗജന്യ വിസ ഒരുക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 മുതല്‍ അടുത്ത 30 ദിവസത്തേയ്ക്കാണ് ഇത് നടപ്പാക്കുക. ആദ്യ ഘട്ടം പരീക്ഷണാടിസ്ഥാനത്തിലാണ് വിസ സൗജന്യമാക്കുക.
ഒറ്റനോട്ടത്തില്‍ കേരളത്തിന്റെ ഭൂപ്രകൃതിയോടും സംസ്‌കാരത്തോടും വളരെ ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളാണ് ശ്രീലങ്കയുടേത്. ഒട്ടേറെ സിനിമകളിലൂടെ നമ്മള്‍ അറിഞ്ഞതിനും അപ്പുറത്തായി നിരവധി പൈതൃക സമ്പത്തുള്ള ഒരു ഭൂമികയാണ് ലങ്ക. ബുദ്ധമതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ ഈ ചെറു ദ്വീപിലുണ്ട്. ശ്രീലങ്കയുടെ കലാ-സാംസ്‌കാരിക പൈതൃകങ്ങളിലേയ്ക്കു കൂടിയാണ് അവര്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
ഇന്ത്യ, തായ്‌ലാന്‍ഡ്, ചൈന, ജപ്പാന്‍, മലേഷ്യ, ഇന്തോനേഷ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്കാണ് സൗജന്യ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത്. നേരത്തെയുണ്ടായിരുന്ന വിസ ഓണ്‍ അറൈവല്‍/ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സംവിധാനം തത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് 30 ദിവസം വരെ ശ്രീലങ്കയില്‍ തങ്ങുന്നതിന് 2080 രൂപയോളമാണ് ഫീസ് നല്‍കേണ്ടത്.
ലങ്കയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ ടൂറിസത്തിലൂടെ മറികടക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. അവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയ്ക്കും ഇതുവഴി ചെറിയതോതിലെങ്കിലും ആശ്വാസം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.