ദേശീയ ഗാനത്തോട് അനാദരവ്; അഞ്ച് ബി ജെ പി എം എൽ എമാര്‍ക്കെതിരെ കേസ്

സംസ്ഥാന നിയമസഭാ വളപ്പില്‍ ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് സുവേന്ദു അധികാരി ഉള്‍പ്പെടെ 12 ബി ജെ പി എം എല്‍ എമാര്‍ക്കെതിരെ നേരത്തെയും കേസെടുത്തിട്ടുണ്ട്.

0
185

കൊല്‍ക്കത്ത: ദേശീയ ഗാനത്തെ അപമാനിച്ചതില്‍ അഞ്ച് ബി ജെ പി എം എല്‍ എമാര്‍ക്കെതിരെ കൊല്‍ക്കത്ത പോലീസ് കേസെടുത്തു. നിയമസഭയില്‍ സംഘടിപ്പിച്ചപ്രതിഷേധത്തിനിടെയാണ് സംഭവം. നിലാദ്രി ശേഖര്‍ ദന, ദീപക് ബര്‍മന്‍, മനോജ് ടിഗ്ഗ, ശങ്കര്‍ ഘോഷ്, സുദീപ് കുമാര്‍ മുഖര്‍ജി എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ ആക്ട് 1971 പ്രകാരവുമാണ് എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ബി ജെ പി അംഗങ്ങള്‍ എത്തിയിരുന്നു. ദേശീയ ഗാനത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം അവസാനിച്ചെങ്കിലും ബി ജെ പി എം എല്‍ എമാര്‍ പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെ ബി ജെ പി നിയമസഭാംഗങ്ങള്‍ സഭയില്‍ ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കര്‍ ബിമന്‍ ബന്ദോപാധ്യായ്ക്ക് രേഖാമൂലം തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി.

സംസ്ഥാന നിയമസഭാ വളപ്പില്‍ ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു അധികാരി ഉള്‍പ്പെടെ 12 ബി ജെ പി എം എല്‍ എമാര്‍ക്കെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്. ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് ബി ജെ പിയുടെ വാദം.

സുവേന്ദു അധികാരി അറസ്റ്റ് ഒഴിവാക്കാനാണ് ബി ജെ പിയില്‍ ചേര്‍ന്നതെന്ന ആരോപണവുമായി ടി എം സി നേതാവ് കുനാല്‍ ഘോഷും രംഗത്തെത്തിയിരുന്നു.