‘ ജിഗർതണ്ട ഡബിൾ എക്സ് ‘ ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ എട്ടിന് എത്തും

ചിത്രം ആഗോളതലതലത്തില്‍ ആകെ 70 കോടിയോളം രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

0
429

ദീപാവലി റിലീസായി എത്തി തമിഴകത്ത് വൻ ഹിറ്റായി മാറിയ ചിത്രമാണ് ‘ ജിഗർ തണ്ടാ ഡബിൾ എക്സ് ‘. കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോ ജിഗര്‍തണ്ട ഡബിള്‍ എക്സ് സിനിമയുടെ ഒടിടി റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം നെറ്റ്‍ഫ്ലിക്സിലാണെത്തുക. നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ എട്ടിന് പ്രദര്‍ശനം തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ പുതുമയാര്‍ന്ന കഥ പറച്ചില്‍ ശൈലിയാണ് ജിഗര്‍തണ്ട ഡബിള്‍ എക്സിനെയും ആകര്‍ഷകമാക്കിയത്. ചിത്രം ആഗോളതലതലത്തില്‍ ആകെ 70 കോടിയോളം രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

രാഘവ ലോറൻസ്, എസ്.ജെ.സൂര്യ, ഷൈൻ ടോം ചാക്കോ, നിമിഷാ സജയൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. 1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ജിഗര്‍തണ്ട രണ്ടാം ഭാഗം നിര്‍മ്മിച്ചത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും കാര്‍ത്തിക് സുബ്ബരാജാണ്. സന്തോഷ് നാരാണനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. തിരുനവുക്കരാസു ആണ് ഛായാഗ്രഹണം. പി ആർ ഓ പ്രതീഷ് ശേഖർ.

2014 ലാണ് ജിഗര്‍തണ്ട റിലീസ് ചെയ്യുന്നത്. സിദ്ധാര്‍ഥ്, ബോബി സിംഹ, ലക്ഷ്മി മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വലിയ ശ്രദ്ധനേടിയ ചിത്രം തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് യഥാക്രമം വരുണ്‍ തേജ്, അക്ഷയ് കുമാര്‍ എന്നിവരെ നായകന്‍മാരാക്കി റീമേക്ക് ചെയ്യുകയും ചെയ്തു. ഇതിന്റെ രണ്ടാംഭാ​ഗമാണ് ജിഗർ തണ്ടാ ഡബിൾ എക്സ്.