സിപിഐ സംസ്ഥാന സെക്രട്ടറി കാനം തന്നെ; പകരക്കാരനെ നിയോ​ഗിക്കുന്ന കാര്യത്തിൽ‌ തീരുമാനമായില്ല

കാനം മടങ്ങിയെത്തുന്നതുവരെ നേതൃത്വം കൂട്ടായി സെക്രട്ടറിയുടെ ചുമതലകൾ നിർവഹിക്കും. രണ്ട് അസിസ്റ്റന്റ് സെക്രട്ടിമാരാണ് നിലവിലെ ചുമതലകൾ വഹിക്കുന്നത്.

0
792

തിരുവനന്തപുരം:സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒഴിവിൽ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പകരക്കാരനെ നിയോ​ഗിക്കുന്ന കാര്യത്തിൽ‌ തീരുമാനമായില്ല. കാനം മടങ്ങിയെത്തുന്നതുവരെ നേതൃത്വം കൂട്ടായി സെക്രട്ടറിയുടെ ചുമതലകൾ നിർവഹിക്കും. രണ്ട് അസിസ്റ്റന്റ് സെക്രട്ടിമാരാണ് നിലവിലെ ചുമതലകൾ വഹിക്കുന്നത്. അത് തുടരും.അതേസമയം, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കാനത്തിന്റെ അവധിക്കുള്ള അപേക്ഷ പരിഗണിച്ചു. അവധി ആവശ്യത്തിൽ ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും.

ആരോഗ്യ പ്രശ്നങ്ങൾ മൂലം ഏറെ നാളായി പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുന്ന കാനം രാജേന്ദ്രൻ കാൽപ്പാദം മുറിച്ച് മാറ്റിയതിനെ തുടർന്നാണ് അവധി അപേക്ഷ നൽകിയത്. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടുകൊണ്ടുളള കത്ത് സംസ്ഥാന-ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു.കാനത്തിന് അവധി അനുവദിച്ച് അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീറിനെ സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കാനായിരുന്നു കാനം പക്ഷത്തെ നീക്കം. എന്നാൽ ഇത് ഫലം കണ്ടില്ല. അടുത്ത മാസം ചേരുന്ന ദേശീയ നിർവാഹക സമിതിയോഗം കാനത്തിന്റെ വിഷയം ചർച്ച ചെയ്യും.