ഡ്യൂട്ടി സമയം കഴിഞ്ഞു, ട്രെയിനുകൾ പാതിവഴിയിൽ നിർത്തി ലോക്കോ പൈലറ്റുമാർ; വെള്ളവും ഭക്ഷണവുമില്ലാതെ വലഞ്ഞ് യാത്രക്കാർ

ട്രെയിനുകളിലെ 2500-ലധികം യാത്രക്കാരാണ് ലോക്കോ പൈലറ്റുമാര്‍ അപ്രതീക്ഷിതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നതോടെ പെരുവഴിയിലായത്.

0
252

ലഖ്‌നൗ: ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന് കാട്ടി ലോക്കോ പൈലറ്റുമാര്‍ അപ്രതീക്ഷിതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നതോടെ രണ്ട് എക്‌സ്പ്രസ് ട്രെയിനുകൾ പാതിവഴിയിൽ നിർത്തിയിട്ടു. ഇതോടെ ഭക്ഷണവും വെള്ളവും കിട്ടാതെ രണ്ടായിരത്തിലേറെ യാത്രക്കാർ വലഞ്ഞു. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം തുടങ്ങിയതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. ട്രെയിനുകളിലെ 2500-ലധികം യാത്രക്കാരാണ് പെരുവഴിയിലായത്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ബുര്‍വാള്‍ ജംഗ്ഷനിലാണ് സംഭവം. ഒരു ട്രെയിനിലെ ജീവനക്കാര്‍ ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സേവനം അവസാനിപ്പിച്ചപ്പോള്‍ മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ് ഡ്യൂട്ടിയിൽ കയറാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ട്രെയിനുകൾ പാതിവഴിയിൽ നിർത്തിയിടേണ്ടി വന്നത്.

ട്രെയിനിനുള്ളില്‍ വെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ മണിക്കൂറുകളോളം യാത്രക്കാര്‍ വലഞ്ഞു. രോഷാകുലരായ യാത്രക്കാര്‍ പ്രതിഷേധിച്ചു. പുറമെ ഇതുവഴി വന്ന മറ്റ് ട്രെയിനുകൾ തടഞ്ഞു. സഹര്‍സ – ന്യൂഡല്‍ഹി സ്‌പെഷ്യല്‍ ഫെയര്‍ ഛത്ത് പൂജ സ്‌പെഷ്യല്‍ (04021), ബറൗണി-ലക്‌നൗ ജംഗ്ഷൻ എക്‌സ്‌പ്രസ് (15203) എന്നീ ട്രെയിനുകളിലെ ജീവനക്കാരാണ് മുന്നറിയിപ്പില്ലാതെ ജോലി അവസാനിപ്പിച്ചത്.

സ്ഥിതിഗതികള്‍ ശാന്തമാക്കാൻ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഗോണ്ട ജംഗ്ഷനില്‍ നിന്ന് ജീവനക്കാരെ അയച്ചു. നവംബര്‍ 27 ന് രാത്രി 7.15 ന് പുറപ്പെടേണ്ടിയിരുന്ന 04021 ട്രെയിൻ നവംബര്‍ 28 ന് രാവിലെ 9.30നാണ് സഹര്‍സയില്‍ നിന്ന് പുറപ്പെട്ടത്. 19 മണിക്കൂര്‍ വൈകിയാണ് ട്രെയിൻ ഗോരഖ്പൂരില്‍ എത്തിയത്. എക്‌സ്‌പ്രസിന് ബര്‍ഹ്‌വാള്‍ ജംഗ്ഷനില്‍ ഹാള്‍ട്ട് ഇല്ലായിരുന്നു. എന്നാല്‍ ഏകദേശം 1:15 ന് ട്രെയിൻ ഷെഡ്യൂള്‍ ചെയ്യാതെ നിര്‍ത്തി. രണ്ടാമത്തെ ട്രെയിനായ ബറൗണി-ലക്‌നൗ ജംഗ്ഷൻ എക്‌സ്‌പ്രസ് ഇതിനകം അഞ്ച് മണിക്കൂറും 30 മിനിറ്റും വൈകി ഓടുകയായിരുന്നു. 4.04 ന് ബര്‍ഹ്‌വാള്‍ ജംഗ്ഷനില്‍ എത്തിയ ബറൗണി-ലക്‌നൗ ജംഗ്ഷൻ എക്‌സ്‌പ്രസിലെ ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച്‌ പുറത്തിറങ്ങി.

പരമാവധി 25 മണിക്കൂര്‍ 20 മിനിറ്റിനുള്ളില്‍ യാത്ര അവസാനിക്കേണ്ടതായിരുന്നു, പക്ഷേ സ്പെഷ്യല്‍ ട്രെയിനില്‍ ഇത് മൂന്നാം ദിവസമാണ്. ഞങ്ങളെപ്പോലുള്ള പാവപ്പെട്ട യാത്രക്കാരെ ഇന്ത്യൻ റെയില്‍വേ പീഡിപ്പിക്കുകയാണ്. വെള്ളമില്ല, പാൻട്രി കാറില്ല, വൈദ്യുതി ഇല്ല. ക്ഷീണം കാരണം ലോക്കോ പൈലറ്റുമാരും ട്രെയിൻ ഗാര്‍ഡും ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോയി-സഹാര്‍സയില്‍ നിന്ന് ബന്ധുക്കളോടൊപ്പം ദില്ലിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരൻ പറഞ്ഞു.