പയ്യന്നൂർ: രാമന്തളിയില്‍ സിപിഐ എം പ്രവർത്തകരുടെ മോട്ടോർ ബൈക്കും മത്സ്യ ഷെഡും തീയിട്ട് നശിപ്പിച്ചു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകളും കത്തിച്ചു. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിൽ.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടക്കുന്നത്. വലയും മറ്റും സൂക്ഷിക്കാൻ രാമന്തളി കൊവ്വപ്പുറത്തെ പുഴക്കരയില്‍ മത്സ്യ തൊഴിലാളി രാഘവന്‍ നിര്‍മ്മിച്ച ഷെഡും സിപിഐ എം പ്രവർത്തകൻ ഗിരീശന്റെ ബൈക്കുമാണ് തീവെച്ച് നശിപ്പിച്ചത്. സമീപത്തായി രാഘവന്റേയും സുഹൃത്ത് സുരേശൻ്റെയും ബൈക്കുകളും ഉണ്ടായിരുന്നു. ഗിരീശനും രാഘവനും സുരേശനും പുഴയില്‍ മീന്‍ പിടിക്കാൻ പോയപ്പോഴാണ് അതിക്രമം. തീയും പുകയും ഉയരുന്നത് കണ്ട് ഓടി യെത്തുമ്പോഴേക്കും ഷെഡും ബൈക്കും പൂർണമായും കത്തി നശിച്ചിരുന്നു. സമീപത്ത് തന്നെയുണ്ടായിരുന്ന രാഘവന്റെ ബൈക്കിനും തീപടർന്നു.
ഓടിയെത്തിയവര്‍ സ്ഥലത്ത് നിന്നും മറ്റ് ബൈക്കുകൾ തള്ളിമാറ്റി. ഷെഡിനകത്തുണ്ടായിരുന്ന മൂന്ന്സെറ്റ് വലകളും സമീപത്തുണ്ടായിരുന്ന മൂന്ന് സെറ്റ് നാടന്‍ വലകളും പൂർണ്ണമായും കത്തി നശിച്ചു.വലകള്‍ക്ക് മാത്രം 75,000 രൂപ വിലവരും. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.