ഷാർജയിൽ കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്ചിലർ വിലക്ക് കർശനമാക്കും

0
158

കുടുംബ താമസ കേന്ദ്രങ്ങളിൽ പുരുഷന്മാർ തനിച്ചു താമസിക്കുന്നതു (ബാച്ചിലർ) വിലക്കുന്ന നിയമം ഷാർജയിൽ കർശനമാക്കുന്നു. ഷാർജ ഉപഭരണാധികാരിയും കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ (എസ്ഇസി) യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

കുടുംബ പാർപ്പിട കേന്ദ്രങ്ങളിലോ സമീപത്തോ ബാച്ചിലർമാർക്ക് താമസം അനുവദിക്കരുതെന്നാണ് നിർദേശം. ഇത്തരക്കാരെ പ്രത്യേക സ്ഥലങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും മാറ്റാനാണ് ആലോചിക്കുന്നത്. എമിറേറ്റിൽ സാമൂഹിക സുരക്ഷ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതുസംബന്ധിച്ച് നഗരസഭ ഉൾപ്പെടെ വിവിധ വകുപ്പുകളോട് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. ബാച്ചിലർമാരുടെ ആവശ്യങ്ങൾ നിറവേറ്റും വിധത്തിലായിരിക്കണം പരിഹാര മാർഗങ്ങൾ.

ഷാർജയിലെ ചില മേഖലകളിൽ കുടുംബങ്ങൾക്കു മാത്രമായി താമസം പരിമിതപ്പെടുത്തി. ഇവിടങ്ങളിൽ ബാച്ചിലർമാർ താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനയും നടത്തിവരുന്നു. നിയമം ലംഘിച്ചു താമസിച്ച ആയിരക്കണക്കിനു വിദേശികളെ പ്രദേശത്തു നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.