പ്രശസ്ത എഴുത്തുകാരി പി വത്സല അന്തരിച്ചു

0
189

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി പി വത്സല അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. സംസ്ക്കാരം വ്യാഴാഴ്ച. എം അപ്പുക്കുട്ടിയാണ് ജീവിത പങ്കാളി.

കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവാണ്. എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്ത് വർക്ക് പുരസ്കാരം സി വി കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് അടക്കമുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തക എന്ന നിലയിലും പി വത്സല വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

മലയാളത്തിലെ പ്രധാനപ്പെട്ട ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്നു പി വത്സല. വയനാടിൻ്റെ എഴുത്തുകാരി എന്ന വിശേഷണത്തിനും അർഹയായിരുന്നു പി വത്സല. നെല്ല് ആണ് ആദ്യ നോവൽ. നെല്ലിന് കുങ്കുമം അവാർഡ് ലഭിച്ചിരുന്നു. ഈ നോവൽ പിന്നീട് എസ് എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിനാണ് വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. 1975ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. 2021ൽ കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം നേടിയിട്ടുണ്ട്. കേരള സാഹത്യ അക്കാഡമി ഫെല്ലോഷിപ്പിനും അർഹയായിട്ടുണ്ട്. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും ബാലസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. 25ലധികം ചെറുകഥാ സമാഹാരങ്ങൾ പി വത്സലയുടെ പേരിലുണ്ട്. വ്യത്യസ്‌തമായ രചനാശൈലിയുടെ പേരിൽ പ്രശസ്തയാണ് പി വത്സല.

കേരള സാഹിത്യ അക്കാദമി അധ്യക്ഷ, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗവ.ട്രൈനിംഗ് സ്കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു. കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ 4-ന്‌ കോഴിക്കോട് ജനനം.

ആഗ്നേയം, നിഴലുറങ്ങുന്ന വഴികള്‍, അരക്കില്ലം, വേനല്‍, കനല്‍, പാളയം, കൂമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേര്‍, റോസ്മേരിയുടെ ആകാശങ്ങള്‍, വിലാപം, ആദിജലം, മേല്‍പ്പാലം, ഗായത്രി, തകര്‍ച്ച എന്നിവ മറ്റു നോവലുകളാണ്.

നെല്ല് ഹിന്ദിയിലേക്കും ആഗ്നേയം ഇംഗ്ലീഷ്, കന്നഡ ഭാഷകളിലേക്കും ഇതിനകം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

തിരക്കില്‍ അല്‍പം സ്‌ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അന്നാമേരിയെ നേരിടാൻ, കറുത്ത മഴ പെയ്യുന്ന താഴ്വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരൻ ചതോപാദ്ധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്.

വേറിട്ടൊരു അമേരിക്ക, ഗാലറി
എന്നിവയാണ് യാത്രാവിവരണങ്ങൾ

മരച്ചുവട്ടിലെ വെയില്‍ച്ചീളുകള്‍ (അനുഭവങ്ങള്‍), പുലിക്കുട്ടൻ, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു കൃതികള്‍.

‘നിഴലുറങ്ങുന്ന വഴികള്‍’
എന്ന നോവലിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (1975)ലഭിച്ചു.

2007ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡും 2019ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും അവർക്ക് ലഭിച്ചു.

തപസ്യ കലാ സാഹിത്യവേദിയുടെ സഞ്ജയൻ പുരസ്കാരം (2017),
2021 ല്‍ എഴുത്തച്ഛൻ പുരസ്കാരം, കുങ്കുമം അവാര്‍‍ഡ്, സി.എച്ച്‌. മുഹമ്മദ് കോയ അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിെൻറ അക്ഷരം അവാര്‍ഡ്, മയില്‍പീലി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു.

1938 ഏപ്രില്‍ നാലിന് കോഴിക്കോട് മാലാപറമ്പില്‍ കാനങ്ങോട്ടു ചന്തുവിെൻറയും പത്മാവതിയുടെയും മകളായാണ് ജനനം. കോഴിക്കോട് ഗവ. ട്രെയിനിങ് സ്കൂളില്‍ പ്രധാന അധ്യാപികയായിരുന്നു. 1993-ല്‍ വിരമിച്ചു. ഭര്‍ത്താവ്: അപ്പുക്കുട്ടി. മകള്‍: ഡോ. മിനി.`