തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യത്തിനും ഒരു കോടി വീതം പിഴ; പതഞ്ജലിയോട് സുപ്രിംകോടതി

0
8843

ഡൽഹി: പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ സുപ്രിംകോടതി. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ അവകാശവാദങ്ങൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നൽകി.

തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യങ്ങൾക്കും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ഐഎംഎയുടെ ഹരജിയിലാണ് സുപ്രിംകോടതിയുടെ നിർദേശം.
നേരത്തെ, ബീഹാർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പതഞ്ജലിക്കെതിരെ കേസെടുത്തിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യപ്രചരണമാണ് പതഞ്ജലി നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമ ബാബ് രാം ദേവിനെതിരെ കേസെടുത്തത്. ഇതിന് ശേഷം രാംദേവ് മേൽ കോടതിയെ സമീപിച്ച് അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സ്റ്റേ വാങ്ങിയിരുന്നു.

ആയുർവേദത്തെ കൂടുതൽ ഉയർത്തിക്കാട്ടാനായി ആധുനിക വൈദ്യശാസ്‍ത്രത്തെ ഇകഴ്ത്തിക്കാട്ടുകയാണ് പതഞ്ജലി പരസ്യങ്ങളിലൂടെ എന്നാണ് ഐഎംഎ ചൂണ്ടിക്കാട്ടിയത്. കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ അലോപ്പതി ഡോക്ടർമാർക്ക് പാളിച്ച പറ്റിയെന്നും പതഞ്ജലി പ്രചരിപ്പിച്ചിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജസ്റ്റിസ് അമാനുല്ല അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയത്.