നവകേരള സദസ്സ് : കാസർകോട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്

0
169

നമ്മുടെ നാടിന്‍റെ മഹത്തായ ജനാധിപത്യ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് ഇന്നലെ പൈവളിഗെയില്‍ തുടക്കം കുറിച്ചത്. നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്‍റെ വടക്കേയറ്റത്ത് ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്ന ജനസഞ്ചയം വരും നാളുകളില്‍ കേരളം എങ്ങനെയാണ് പ്രതികരിക്കുക എന്നതിന്‍റെ വ്യക്തമായ സൂചനയാണ്. ജീവിതത്തിന്‍റെ നാനാ തുറകളിലുമുള്ള ജനങ്ങള്‍ ഒരേ മനസ്സോടെ ഒന്നുചേരുകയാണുണ്ടായത്. നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സര്‍ക്കാരിനൊപ്പം ഞങ്ങൾ ഉണ്ട് എന്ന പ്രഖ്യാപനത്തിന്‍റെ ആവര്‍ത്തനം കൂടിയാണ് ഇന്നലെ നടന്ന ഉദ്ഘാടന പരിപാടി.

കേരളം കൈവരിച്ച സമഗ്രവികസനത്തിന്‍റേയും സര്‍വ്വതലസ്പര്‍ശിയായ സാമൂഹ്യപുരോഗതിയുടേയും മുന്നേറ്റം കൂടുതല്‍ ഊര്‍ജ്ജിതമായി കൊണ്ടുപോകാനുള്ള ഉറച്ച പിന്തുണയാണ് ഇത്.

നമ്മുടെ നാട് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. തനതു നികുതിവരുമാനത്തിലും അഭ്യന്തര ഉത്പാദനത്തിലും അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഫെഡറല്‍ ഘടനയെ തന്നെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളുടെ ഭാഗമായി ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നമുക്ക് മുന്നിലുണ്ട്. നാടിന്‍റെ നന്മയ്ക്കായി ആ നയങ്ങള്‍ക്കെതിരെ സര്‍ക്കാരിനൊപ്പം സ്വാഭാവികമായും ചേരേണ്ട പ്രതിപക്ഷം സര്‍ക്കാരിന്‍റെ ജനകീയതയെ തകര്‍ക്കാനുള്ള അവസരമായി ദുഷ്ടലാക്കോടെയാണ് അതു കാണുന്നത്. ഒരു വലിയ വിഭാഗം മാധ്യമങ്ങളും ദൗർഭാഗ്യവശാൽ അവര്‍ക്കൊപ്പം ചേര്‍ന്നു ജനങ്ങളില്‍ നിന്നും നിജസ്ഥിതി മറച്ചു വയ്ക്കുകയാണ്. അങ്ങനെ മറച്ചുവെക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന്‍റെ സമഗ്രത ഉറപ്പാക്കാനുമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്.

നാടിന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചാ വിഷയമല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നവരെ തിരുത്താന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ജനാധിപത്യപരമായ ബദല്‍ മാര്‍ഗങ്ങളും സ്വീകരിക്കലെ വഴിയുള്ളു. ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്നത് ജനാധിപത്യ സര്‍ക്കാരിന്‍റെ കടമയാണ്. ആ കടമ നിറവേറ്റുകയണ് നവകേരള സദസ്സിന്‍റെ ധര്‍മ്മം. വരും ദിവസങ്ങളില്‍ യാത്രയുടെ ഭാഗമായി അത് കൂടുതല്‍ വ്യക്തമാകും.

ഇന്നലെ 1908 പരാതികളാണ് ഉദ്ഘാടന വേദിക്കരികെ സജ്ജീകരിച്ച ഡെസ്കില്‍ ലഭിച്ചത്. ഇവ വേര്‍തിരിച്ച് പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും. പരാതികള്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും.
ഉദ്ഘാടന സദസ്സില്‍ പങ്കെടുത്ത ജനങ്ങളുടെ വൈവിധ്യം സൂചിപ്പിച്ചുവല്ലോ. അതില്‍ സ്ത്രീകളുടെ സാന്നിധ്യം അതിവിപുലമാണ്. സ്ത്രീ സംരക്ഷണത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനം കൂടിയാണത്.

ആലുവയില്‍ അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിക്ക് നീതിപീഠം പരമാവധി ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ കുറ്റകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷനും പോലീസും അക്ഷീണമായ പ്രവര്‍ത്തനമാണ് നടത്തിയത്. കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെട്ടത്. പ്രതിക്ക് വധശിക്ഷക്ക് ഒപ്പം അഞ്ച് ജീവപര്യന്തവും വിവിധ വകുപ്പുകള്‍ പ്രകാരം 49 വര്‍ഷം കഠിന തടവും 7.2 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. രാജ്യത്ത് തന്നെ സമീപകാല ചരിത്രത്തിൽ ഇത്ര ശക്തവും, പഴുതടച്ചതുമായ ശിക്ഷാ വിധി ഉണ്ടായിട്ടില്ല എന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജൂലൈ 28 ണ് രാവിലെ ഏഴരയ്ക്കാണ് ആലുവ തായിക്കാട്ടുക്കര ഭാഗത്ത് നിന്ന് അതിഥി തൊഴിലാളികളുടെ മകളായ അഞ്ചുവയസുകാരിയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. ആ ഘട്ടത്തിൽ ത്തന്നെ എറണാകുളം റൂറല്‍ ജില്ലയിലെ മുഴുവന്‍ പോലീസ് സംവിധാനവും ഉടനടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്ത് ഇരുപത്തി അഞ്ച് മിനിറ്റിനകം തന്നെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. കുട്ടിയുമായി പ്രതി ഒരു കെ എസ് ആര്‍ ടി സി ബസിലാണ് പോയതെന്ന് വിവരം ലഭിച്ചപ്പോള്‍ ഉച്ചക്ക് ശേഷം സര്‍വ്വീസ് നടത്തിയ എല്ലാ കെ എസ് ആര്‍ ടി സി ബസും പരിശോധിക്കാന്‍ ആരംഭിച്ചു. അന്നു രാത്രി 9.50 ആയപ്പോള്‍ പ്രതിയെ ആലുവാ തോട്ടക്കാട്ടുക്കര ഭാഗത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തു. പിറ്റേന്ന് രാവിലയോടെ ആലുവയിലെ മാര്‍ക്കറ്റ് വേസ്റ്റ് ഡംബിങ്ങ് യാര്‍ഡില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

നിയമത്തിന്‍റെ ഒരു പഴുതും ഉപയോഗിച്ച് പ്രതി രക്ഷപ്പെടാന്‍ പാടില്ലെന്ന നിര്‍ബന്ധത്തോടെ സര്‍ക്കാർ നടപടിയെടുത്തിരുന്നു. കേസിന്‍റെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആലുവാ റൂറല്‍ എസ് പി ഓഫീസില്‍ ഒരു ഡാഷ് ബോര്‍ഡ് പ്രത്യേകം ഉണ്ടാക്കി. ഒരോ ദിവസവും ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ അതില്‍ രേഖപ്പെടുത്തുന്നതായിരുന്നു അതിന്‍റെ പ്രത്യേകത. 30 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തികരിച്ചു. മുപ്പത്തിയഞ്ചാമത്തെ ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. സാധാരണഗതിയില്‍ വിചാരണനടപടികള്‍ കോടതിയില്‍ ആരംഭിക്കുന്നത് രാവിലെ 11 മണിക്കാണ്. എന്നാല്‍ ഇവിടെ 10 മണിക്ക് കോടതി നടപടി ആരംഭിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യമുന്നയിച്ചു. വിചാരണ കോടതി ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രോസിക്യുഷന്‍റെ ആവശ്യവുമായി സഹകരിച്ചു. 43 സാക്ഷികളേയും 95 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കി.

100 ദിവസംകൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണയും പൂര്‍ത്തികരിച്ച് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ നല്‍കിയ അന്വേഷകസംഘവും പ്രോസിക്യൂഷനും അഭിനനന്ദനം അര്‍ഹിക്കുന്നു. ക്രൂരതയ്ക്കിരയായ കുഞ്ഞിന്‍റെ കുടുംബത്തിന്‍റെ നഷ്ടത്തിന് പകരമാകുന്നതല്ല ഒരു തരത്തിലുമുളള സാമ്പത്തിക സഹായവുമെങ്കിലും അവര്‍ക്ക് എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തിയിരുന്നു. കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഒരു അതിക്രമത്തെയും നമ്മുടെ സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഒരു ദാക്ഷിണ്യവുമില്ലാതെ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികളാണ് സർക്കാർ അധികാരമേറ്റെടുത്തതുമുതല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്‍റെ അനേകം ഉദാഹരണങ്ങള്‍ നിരത്താനാകും. സര്‍ക്കാരിന്‍റെ ഈ സമീപനത്തിലുള്ള വിശ്വാസമാണ് പൈവെളിഗെയിലെ അസാധാരണമായ വനിതാ പ്രാതിനിധ്യത്തിലൂടെ വ്യക്തമായത്.

ഇന്നലെ കാസര്‍ഗോട്ട് നിന്ന് പൈവെളിഗെയിലേക്ക് പോകും വഴി ഇടയ്ക്ക് ഞങ്ങള്‍ വാഹനം നിര്‍ത്തി ഇറങ്ങിയിരുന്നു. സാങ്കേതികത്തകരാര്‍, മന്ത്രിമാരുടെ വാഹനം പാതിവഴിയില്‍ നിലച്ചുപോയി എന്നാണ് നിങ്ങളില്‍ ചിലര്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് പിന്നീട് അറിഞ്ഞത്.
ദേശീയ പാതാ വികസനത്തിലെ പുരോഗതി നേരിട്ട് കാണാനാണ് എല്ലാ മന്ത്രിമാരും അവിടെ ഇറങ്ങിയത്. നടക്കാത്ത പദ്ധതി എന്ന് കണക്കാക്കി എഴുതിത്തള്ളിയ ദേശീയപാതയാണ് യാഥാര്‍ഥ്യമാകുന്നത്. അത് ഈ നാട്ടിലെ ജനങ്ങളാകെ കാണുകയാണ്.
അത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം പുറപ്പെട്ടയുടെനെ ബസ്സിന് തകരാര്‍ എന്ന് പ്രചരിപ്പിക്കാനാണ് തയാറായത്.

ദേശീയപാത 66-ന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ 21 പദ്ധതികളില്‍ ആയാണ് പുരോഗമിക്കുന്നത്. കഴക്കൂട്ടം എലവെറ്റഡ് ഹൈവേ, നീലേശ്വരം റെയില്‍വേ ഓവര്‍ ബ്രിഡ്ജ് , കോവളം മുതല്‍ തമിഴ്നാട് അതിര്‍ത്തി വരെ ഉള്ള പാത എന്നിവ ഈ കാലയളവില്‍ പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തു. തലശ്ശേരി മാഹി ബൈപാസ് അന്തിമ ഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. മറ്റെല്ലാ റീച്ചുകളിലും പ്രവൃത്തി പുരോഗമിക്കുകയാണ്. മറ്റ് തടസങ്ങള്‍ ഇല്ലെങ്കില്‍ 2025 ഓടെ ദേശീയ പാത 66 ആറു വരി പാത യാഥാര്‍ത്ഥ്യമാക്കും.

ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, ഇന്നലെ ഒരു പുതിയ ചാനലിൽ കണ്ട തിരുത്താണ്:

‘തിരുത്ത്

നവംബര്‍ 15ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ നവകേരള സ്പെഷ്യല്‍ ബസില്‍ ഉണ്ടെന്ന് പറഞ്ഞിരുന്ന ചില സൗകര്യങ്ങള്‍ ഒരു വാര്‍ത്താ സ്രോതസ് നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. മുഖ്യമന്ത്രിക്കായി പ്രത്യേക കാബിന്‍, കോണ്‍ഫറന്‍സ് നടത്താന്‍ റൗണ്ട് ടേബിള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബസില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത് വസ്തുതാപരമായ തെറ്റാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. വേണ്ടത്ര അവധാനതയില്ലാതെ അത്തരം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ആ റിപ്പോര്‍ട്ട് ഞങ്ങള്‍ പിന്‍വലിക്കുന്നു.
പത്രാധിപര്‍

സര്‍ക്കാരിനെ കുറിച്ച് സംഘടിക്കപ്പെടുന്ന പ്രചാരണങ്ങളും അവയുടെ നിജസ്ഥിതിയും എന്താണെന്ന് ഒരു പത്രാധിപരുടെ വാക്കുകളിലൂടെ വ്യക്തമാവുകയാണ്. ഇവിടെ ഇതു പറയാന്‍ കാരണം, തങ്ങള്‍ കൊണ്ടുവന്ന വ്യാജ കഥകളെ ന്യായീകരിക്കാന്‍ ഇന്നും ചില ശ്രമങ്ങള്‍ ഉണ്ടായത് കൊണ്ട് കൂടിയാണ്. ഇത് ഒരു പൊതുവായ അവസ്ഥയുടെ നേര്‍ സാക്ഷ്യമാണ്. ജനങ്ങള്‍ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട് എന്ന് നാമെല്ലാം തിരിച്ചറിയണം.