നടന്‍ വിനോദ് തോമസിന്റെ ജീവനെടുത്തത് വിഷപ്പുകയെന്ന് സംശയം: പോസ്റ്റുമോര്‍ട്ടം ഇന്ന്

0
34

കോട്ടയം: കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടന്‍ വിനോദ് തോമസിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. കോട്ടയം മെഡിക്കല്‍ കോളേജിലാകും പോസ്റ്റുമോര്‍ട്ടം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കാറിനുള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാര്‍ട്ടാക്കിയ കാറിനുള്ളില്‍ കയറിയ വിനോദ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെയാണ് ബാര്‍ ജീവനക്കാര്‍ അന്വേഷിച്ചതും തുടര്‍ന്ന് ഉള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയതും.

തുടര്‍ച്ചയായി കാറിനുള്ളിലെ എസി പ്രവര്‍ത്തിച്ചതിന് തുടര്‍ന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക അനുമാനം. അയ്യപ്പനും കോശിയും, കുട്ടന്‍ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.