നവകേരള സദസിന് രണ്ടാം നാളിലും ആവേശകര വരവേൽപ്പ്

0
105

കാസർകോട്: ജനകീയ സർക്കാർ ജനങ്ങളിലേക്ക് എന്ന സന്ദേശവുമായി രണ്ടാം പിണറായി സർക്കാർ നടത്തുന്ന നവകേരള സദാസിന് രണ്ടാം നാളിലും ആവേശകരമായ സ്വീകരണം. ഞായറാഴ്ച പ്രഭാതയോഗത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.

മഞ്ചേശ്വരത്തിന്റെയും കാസർകോടിന്റെയും വികസന കാര്യങ്ങൾ, അടിസ്ഥാന വികസന കാര്യങ്ങളിൽ കൈക്കൊള്ളേണ്ട നടപടികൾ, നിർദ്ദേശങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കായികം, സാംസ്‌കാരികം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഗതാഗതം, പട്ടികജാതി- വർഗ ക്ഷേമം, വൈദ്യുതി, ടൂറിസം, വ്യവസായം എന്നിവയടക്കം എല്ലാ മേഖലപ്പറ്റിയും ചർച്ചകളും നിർദ്ദേശങ്ങളും ഉയർന്നുവന്നു. പരാതികളും നിർദ്ദേശങ്ങളും എല്ലാം ശ്രദ്ധയോടെ കുറിച്ചെടുത്ത മുഖ്യമന്ത്രി എല്ലാ വിഷയങ്ങളിലും തുടർനടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.

തങ്ങളുടെ ജീവിതത്തിലെ ആദ്യ അനുഭവമാണ് ഇത്തരം യോഗമെന്ന് പ്രഭാതയോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. തുടർന്ന് കാസർകോട് മണ്ഡലത്തിൽ ചെങ്കള പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ ജനങ്ങളുമായി സംവദിച്ചു. സ്ത്രീകളും കുട്ടികളും യുവജനങ്ങളും വിദ്യാർഥികളും തൊഴിലാളികളും അടക്കം പതിനായിരങ്ങൾ പങ്കെടുത്തു. ഏഴ് കൗണ്ടറുകളിൽ നിന്നായി നിരവധി പരാതികളാണ് ലഭിച്ചത്.