എന്‍ ശങ്കരയ്യ അന്തരിച്ചു; വിട പറയുന്നത് കമ്യുണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവ്

സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളിൽ ഒരാളായിരുന്നു ശങ്കരയ്യ.

0
359

ചെന്നൈ: മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളും സ്വാതന്ത്ര്യ സമരസേനാനിയുമായ എന്‍ ശങ്കരയ്യ അന്തരിച്ചു. 101 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് അന്ത്യം. നവമണിയാണ് ഭാര്യ. മക്കൾ: ചന്ദ്രശേഖർ, നരസിംഹൻ. ഇരുവരും തമിഴ്‌നാട്ടിലെ സിപിഐ എം നേതാക്കളാണ്.

1964 ഏപ്രിലില്‍ സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളില്‍ ഇപ്പോള്‍ വി എസ് അച്യുതാനന്ദനൊപ്പം ജീവിച്ചിരുന്നിരുന്ന ഏക നേതാവായിരുന്നു ശങ്കരയ്യ.

1922 ജൂലൈ 15നാണ് ശങ്കരയ്യയുടെ ജനനം. മെട്രിക്കുലേഷന്‍ പാസായ ശേഷം 1937ല്‍ മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്ന് ശങ്കരയ്യ ചരിത്രം പഠിക്കാന്‍ ചേർന്നു. ഇക്കാലത്താണ് പൊതുപ്രവർത്തനരംഗത്തേക്ക് അദ്ദേഹം ഇറങ്ങുന്നത്. മദ്രാസ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം മധുര സ്റ്റുഡന്‍സ് യൂണിയന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത് അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു.

1941ല്‍ മധുര അമേരിക്കന്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ആദ്യമായി അറസ്റ്റിലാകുന്നത്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഏകദേശം എട്ട് വര്‍ഷത്തെ ജയില്‍വാസവും ഉള്‍പ്പെടുന്നു. 1947 ആഗസ്തിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്യൂണിസ്റ്റുകാരില്‍ ഒരാളായ ശങ്കരയ്യ, ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തി.

പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്‌സിസ്റ്റ്) സ്ഥാപക അംഗങ്ങളില്‍ ഒരാളായി. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. 1995 മുതല്‍ 2002 വരെ സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു. 1967 ല്‍ മധുര വെസ്റ്റ് മണ്ഡലത്തില്‍ നിന്നും 1977 ലും 1980 ലും മധുര ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും രണ്ട് തവണ തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച’ തകയ് സാല്‍ തമിഴര്‍’ എന്ന പുരസ്‌കാരവും ശങ്കരയ്യയ്ക്ക് ലഭിച്ചു.

English Summary: Senior CPI M Leader N Sankarayya Passed away.