കേരളമൊരുങ്ങി; നവകേരള സദസിനായി, ശനിയാഴ്ച മഞ്ചേശ്വരത്ത്‌ തുടക്കം

ഡിസംബർ 24 ന് തിരുവനന്തപുരത്താണ് സമാപനം.

0
424

തിരുവനന്തപുരം: മറ്റൊരു ചരിത്രം കുറിക്കാനൊരുങ്ങുകയാണ് രണ്ടാം പിണറായി സർക്കാർ. ജനങ്ങളിൽ നിന്നും നേരിട്ട് അഭിപ്രായം സ്വരൂപിച്ച് പുതിയ വികസന പരിപ്രേക്ഷ്യം തീർക്കാനുള്ള നവകേരള സദസ് 18 ന് മഞ്ചേശ്വരത്ത് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട്‌ സംവദിക്കാൻ 140 നിയോജകമണ്ഡലത്തിലും നടത്തുന്ന പര്യടനമാണ് നവകേരള സദസ്. ഡിസംബർ 24ന് തിരുവനന്തപുരത്താണ് സമാപനം.

നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ നേടിയ മുന്നേറ്റത്തെക്കുറിച്ച് ഓരോ മണ്ഡലങ്ങളിലും ജനങ്ങളുമായി സംവദിക്കും. അവരുടെ അഭിപ്രായം നേരിട്ട് കേട്ടറിയും. ഒപ്പം പൊതു സമൂഹത്തിന്റെയാകെ നിർദ്ദേശങ്ങൾ ക്രോഡീകരിക്കും. ഇവയൊക്കെ എങ്ങനെ നാളെയുടെ കേരളത്തെ വാർത്തെടുക്കാൻ ഗുണപരമാകുമെന്ന് ചർച്ച ചെയ്യും.

രാജ്യത്തെ ഭരണ നിർവഹണ സംവിധാനത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു സദസ്. ജനങ്ങളുമായി സംവദിക്കാനും സമൂഹത്തിന്റെ ചിന്താഗതികൾ നേരിട്ടറിയുന്നതിനുമാണ് പര്യടനം. സ്വാതന്ത്ര്യസമര സേനാനികൾ, മഹിള, യുവജന, വിദ്യാർഥി വിഭാഗത്തിൽനിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി–വർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും.

English Summary: Navakerala Sadas will begin at Manjeswaram on Saturday.