അമേരിക്കയിൽ മലയാളി യുവതിക്ക് നേരെ ഭർത്താവ് വെടിയുതിർത്തു

ഭർത്താവ് അമൽ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു.

0
649

വാഷിങ്ടൺ: അമേരിക്കയിലെ ചിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ്‌ മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകൾ മീര (32) ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. ഗർഭിണിയായ മീരയെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവയ്ക്കുകയിരുന്നു. സംഭവത്തിൽ അമൽ റെജിയെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു. മീര ലൂതറന്‍റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനകം നടത്തി. രണ്ട് തവണയാണ് അമല്‍ റെജി മീരയ്ക്ക് നേരെ വെടിയുതിര്‍ത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. തൊട്ടടുത്ത് നിന്നാണ് അമല്‍ വെടിയുതിര്‍ത്തത്.

ചിക്കാഗോയ്ക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് വെച്ച് ഇന്നലെ രാത്രി 10 മണിയോടെ സംഭവമുണ്ടായത്. ഉടനെ പൊലീസെത്തി ആംബുലന്‍സില്‍ മീരയെ ആശുപത്രിയില്‍ എത്തിച്ചു. വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ല. അമലിന്‍റെ അറസ്റ്റും തുടര്‍ നടപടികളും സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പൊലീസ് നാളെ പുറത്തുവിടും. 2019 ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്. രണ്ട് മാസം ഗര്‍ഭിണിയാണ് മീര.

English Summary: Husband shot Malayali wife in America.