ഗുരുവായൂർ മേൽപ്പാലം; കിഫ്‌ബി പദ്ധതികളെ എതിർത്തവർക്കുള്ള മറുപടി: മുഖ്യമന്ത്രി

നാടിന് ഗുണകരമായ വികസനപദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞത് കിഫ്ബി ഫണ്ട്‌ വിനിയോഗിച്ചാണ്‌.

0
230

ഗുരുവായൂർ: കിഫ്ബി പദ്ധതികളെ എതിർക്കുന്നവർക്കുള്ള മറുപടിയാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ഗുണകരമായ വികസനപദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞത് കിഫ്ബി ഫണ്ട്‌ വിനിയോഗിച്ചാണ്‌. ഗുരുവായൂർ മേൽപ്പാലം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നത്. ക്ഷേത്രനഗരിയുടെ തിളക്കമാർന്ന മുഖമായി ഗുരുവായൂർ മേൽപ്പാലം മാറും. നിർമാണം പുരോഗമിക്കുമ്പോൾ പ്രതിസന്ധികൾ പലതുമുണ്ടായിട്ടും മേൽപ്പാലം സമയബന്ധിതമായി പൂർത്തീകരിക്കാനായി. എൻ കെ അക്ബർ എംഎൽഎ, മുൻ എംഎൽഎ കെ വി അബ്ദുൾ ഖാദർ എന്നിവരുടെ ഇടപെടൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്‌. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമാണം തുടങ്ങിയ 13 റെയിൽവേ മേൽപ്പാലങ്ങളിൽ ആദ്യം നിർമാണം പൂർത്തീകരിച്ചത്‌ ഗുരുവായൂരിലേതാണ്‌.

കിഫ്‌ബി വഴിയുള്ള പദ്ധതികളുടെ നിർമാണം തുടങ്ങിയപ്പോൾ എതിർപ്പുകൾ ഉയർന്നുവന്നിരുന്നു. വികസനം യാഥാർഥ്യമായിത്തുടങ്ങിയതോടെ നേരത്തേ എതിർത്തവർപോലും വിവിധ ആവശ്യങ്ങളുമായി വരുന്നതാണ് കാണാനായത്. വികസനത്തിന് കക്ഷിരാഷ്ട്രീയം നോക്കിയിട്ടില്ല ജനങ്ങൾക്കും നാടിനും എത്രമാത്രം ഉപകാരപ്പെടും എന്നത് മനസിലാക്കിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. അത് ചെയ്യുമ്പോൾ മുൻ സർക്കാരോ കേന്ദ്രസർക്കാരോ തുടങ്ങിവച്ച പദ്ധതികൾ എന്നു കരുതി മാറ്റിവയ്ക്കാറില്ല– മുഖ്യമന്ത്രി പറഞ്ഞു.

English Summary: Guruvayur Flyover; Reply to those opposed to KIFB projects: Chief Minister.